ന്യൂഡൽഹി: കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനായില്ലെങ്കിൽ ഭാരത് ജോഡോ യാത്ര നിർത്തണമെന്ന കേന്ദ്രമന്ത്രിയുടെ കത്തിനെതിരെ കോൺഗ്രസ്. മറ്റാർക്കുമില്ലാത്ത നിയന്ത്രണം ഭാരത് ജോഡോ യാത്രക്ക് മാത്രം എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു.
‘ഭാരത് ജോഡോ യാത്രയെ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇഷ്ടപ്പെടുന്നില്ല. നിലവിൽ രാജ്യത്ത് മാസ്ക് നിർബന്ധമല്ല. കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ ഉണ്ടെങ്കിൽ അത് തീർച്ചയായും അനുസരിക്കും. നിലവിലെ വിഷയങ്ങളില്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രിയെ ബി.ജെ.പി നിയോഗിച്ചിരിക്കുകയാണ്’ -കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ഭാരത് ജോഡോ യാത്രയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും കത്തയച്ചത്. മാസ്കും സാനിറ്റൈസറും ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിച്ചില്ലെങ്കിൽ ദേശീയ താൽപര്യം കണക്കിലെടുത്ത് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് കത്തിലെ ആവശ്യം.
യാത്രയിൽ വാക്സിനേഷൻ എടുത്ത ആളുകൾ മാത്രം പങ്കെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തുക, കോവിഡ് പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കുക, മാസ്ക് ധരിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുക, യാത്രയിൽ പങ്കെടുക്കുന്നതിനു മുൻപ് ആളുകളെ സമ്പർക്ക വിലക്ക് ഏർപ്പെടുത്തുക, പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുക എന്നിവയാണ് കത്തിൽ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.