ഭാരത് ജോഡോ യാത്ര കശ്മീരിൽ രണ്ടാംദിനം പൂർത്തിയാക്കി

ശ്രീനഗർ: കനത്ത സുരക്ഷ വലയത്തിൽ സ്വീകരണമേറ്റുവാങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ ജമ്മു-കശ്മീരിലെ രണ്ടാംദിവസത്തെ പര്യടനം പൂർത്തിയാക്കി. ശനിയാഴ്ച പര്യടനമില്ല. വെള്ളിയാഴ്ച രാവിലെ ഏഴിന് പര്യടനം ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും മഞ്ഞും മഴയും തീർത്ത ബുദ്ധിമുട്ടുകൾ കാരണം ഒന്നേകാൽ മണിക്കൂർ വൈകി.

തുടക്കത്തിൽ വെള്ള ടി ഷർട്ടിന് മുകളിൽ കറുത്ത മഴക്കോട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി പിന്നീട് കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് കോട്ട് ഒഴിവാക്കി. ജനുവരി 30ന് ശ്രീനഗറിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തോടെ യാത്ര സമാപിക്കും. പരംവീർ ചക്ര പുരസ്കാര ജേതാവ് റിട്ട. കാപ്റ്റൻ ബന സിങ്ങും ശിവസേന നേതാവ് സഞ്ജയ് റാവത്ത് അടക്കം നിരവധി നേതാക്കളും പദയാത്രയിൽ സംബന്ധിച്ചു.

സ്വീകരണ യോഗത്തിൽ നാഷനൽ കോൺഫറൻസ് പ്രസിഡന്റും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. യാത്രക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.

ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകണം -കോൺഗ്രസ്

ശ്രീനഗർ: ജമ്മു-കശ്മീരിന് പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി പുനഃസ്ഥാപിച്ചുനൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിലെ കഠ് വ ജില്ലയിൽ പര്യടനം തുടരുന്നതിനിടെ നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.മിസോറം, മണിപ്പൂർ, മേഘാലയ, ത്രിപുര, ഹിമാചൽപ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലേതുപോലെ വകുപ്പ് 371ൽ ഉൾപ്പെടുത്തണമെന്നാണ് ജയ്റാം രമേശ് ആവശ്യപ്പെട്ടത്.

370ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന നാഷനൽ കോൺഫറൻസ് നേതാവ് ഡോ. ഫാറൂഖ് അബ്ദുല്ലയുടെ ആവശ്യത്തെ പിന്തുണക്കുകയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ സംസാരിക്കുന്നത് വകുപ്പ് 370നെ കുറിച്ചല്ലെന്നും 371നെ കുറിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു. പാർലമെന്റിൽ ചർച്ച നടത്താതെയാണ് ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയതെന്നും തങ്ങൾ ഇതിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Bharat Jodo Yatra in Kashmir Second day completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.