ബി.ജെ.പി വൈരം പടർത്തുന്ന കാലത്ത് രാഹുലിന്റെ ജോഡോയാത്രക്ക് പ്രാധാന്യമേറെ -നഗ്മ

ന്യൂഡൽഹി: ബി.ജെ.പി നേതാക്കൾ ജനങ്ങളെ ഭിന്നിപ്പിക്കാനും അവർക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാനും ശ്രമിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് സ്നേഹം പടർത്താനുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ഏറെ പ്രാധാന്യമാണുള്ളതെന്ന് നടിയും കോൺഗ്രസ് നേതാവുമായ നഗ്മ. രാജ്യത്തെ ഒന്നിപ്പിക്കാനാണ് രാഹുലിന്റെ നേതൃത്വത്തിൽ ജോഡോ യാത്ര നടത്തുന്നതെന്നും നഗ്മ ചൂണ്ടിക്കാട്ടി. മുസ്‍ലിംകളെ ബഹിഷ്കരിക്കണമെന്ന് ബി.ജെ.പി എം.പി പർവേശ് സാഹിബ് സിങ് വർമ ജനങ്ങളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്ന വിദ്വേഷ വിഡിയോ ചൂണ്ടിക്കാട്ടിയാണ് നഗ്മയുടെ ട്വീറ്റ്.

ഒരു സമുദായത്തെ സമൂഹത്തിൽ പൂർണമായി ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടും പ്രവർത്തകരെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചുമാണ് പർവേശ് സാഹിബ് സിങ് വർമ വിദ്വേഷ പ്രസംഗം നടത്തിയത്. പൊതു പരിപാടിയിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം വൻ വിവാദമായിരിക്കുകയാണ്.


'ഉന്തുവണ്ടികളിൽ സാധനങ്ങൾ വിൽക്കുന്ന അവരിൽനിന്ന് പച്ചക്കറികൾ വാങ്ങരുത്. അവരുടെ മത്സ്യ-മാംസ കടകൾക്ക് ലൈസൻസ് ഇല്ലെങ്കിൽ അടച്ചുപൂട്ടിക്കാൻ മുനിസിപ്പൽ കോർപറേഷനോട് ആവശ്യപ്പെടണം. അവർക്ക് ഒരു ജോലിയും നൽകരുത്. അവരുടെ തല നേരെയാക്കണമെങ്കിൽ എവിടെ കണ്ടാലും സമ്പൂർണമായി ബഹിഷ്കരിക്കുക മാത്രമാണ് പ്രതിവിധി. ഇക്കാര്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിൽ കൈ ഉയർത്തുക' -പർവേശ് വർമ ആവശ്യപ്പെട്ടു.

ഇത് അംഗീകരിച്ച പ്രവർത്തകരെല്ലാം കൈകൾ ഉയർത്തുകയും ചെയ്തു. 'നമ്മൾ അവരെ ബഹിഷ്കരിക്കും' എന്ന് സദസ്സിനെക്കൊണ്ട് എം.പി പ്രതിജ്ഞ ചൊല്ലിച്ചു. പ്രസംഗം വിവാദമായതോടെ, താൻ പ്രത്യേകിച്ച് ഒരു സമുദായത്തേയും ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു ഇയാളുടെ വിശദീകരണം.

Tags:    
News Summary - Bharat Jodo Yatra of Rahul Gandhi is so important while BJP trying to divide our countrymen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.