ന്യൂഡൽഹി: 2700 കോടി ചെലവിൽ നിർമിച്ച് ജി20 ഉച്ചകോടിക്കായി തുറന്നുകൊടുത്ത ഭാരത മണ്ഡപത്തിൽ മഴയിൽ വെള്ളം കയറി. ശനിയാഴ്ച രാത്രി പെയ്ത ഒരൊറ്റ മഴയിലാണ് ഭാരത മണ്ഡപത്തിൽ വെള്ളം പൊങ്ങിയത്. വെള്ളക്കെട്ട് നീക്കുന്ന വിഡിയോ വൈറലാവുകയും നിർമാണത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തുവരുകയും ചെയ്തു. എന്നാൽ, വിഡിയോ അതിശയോക്തിപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. 21 രാഷ്ട്രത്തലവന്മാർ അത്താഴം കഴിച്ച് പോയ ശേഷം ഡൽഹിയിൽ അർധരാത്രി പെയ്ത മഴയിലാണ് ഭാരത മണ്ഡപത്തിൽ വെള്ളം കയറിയത്. രാജ്ഘട്ടിൽ മഹാത്മാഗാന്ധി സമാധി സന്ദർശിച്ച് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ പരിപാടികൾക്കായി രാഷ്ട്രനേതാക്കൾ ഭാരത മണ്ഡപത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് വെള്ളം നീക്കാൻ ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ തൊഴിലാളികൾ പാടുപെട്ടു.
നിരവധി പമ്പ് സെറ്റുകൾ കൊണ്ടുവന്നാണ് മണ്ഡപത്തിലെ വെള്ളം നീക്കിയത്. ആം ആദ്മി പാർട്ടി നേതാവും ഡൽഹി നഗരവികസന മന്ത്രിയുമായ സൗരഭ് ഭരദ്വാജ് വെള്ളം കയറിയ ഭാരത മണ്ഡപത്തിന്റെ വിഡിയോ പങ്കുവെച്ച് ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ പ്രതികരണം തേടി. 4200 കോടി ചെലവിട്ട ജി20 ഉച്ചകോടിക്ക് വേണ്ടി മോദി സർക്കാർ നടത്തിയ ഒരുക്കം ഒരൊറ്റ മഴ തുറന്നുകാട്ടിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ആരോപിച്ചു. 3000 കോടി രൂപയോളം ചെലവഴിച്ചുണ്ടാക്കിയ ഭാരത മണ്ഡപത്തെ ഏതാനും മണിക്കൂർ പെയ്ത മഴയിൽ വെനീസ് ആക്കിയെന്ന് പരിഹസിച്ച അഖിലേന്ത്യ മഹിള കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസ ഭാരത മണ്ഡപത്തിലും 50 ശതമാനം കമീഷനാണോ എന്ന് ചോദിച്ചു. ജി20 ഉച്ചകോടിക്കിടെ ഭാരത മണ്ഡപത്തിൽ ഞായറാഴ്ച രാവിലെ വെള്ളം കയറിയിട്ടും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്നതിനെ കോൺഗ്രസ് വക്താവ് പവൻ ഖേര വിമർശിച്ചു. കോമൺവെൽത്ത് ഗെയിംസ് കാലത്ത് ഗെയിംസ് വില്ലേജിൽ ഫ്ലാറ്റുകളുടെ ബേസ്മെന്റിൽ വെള്ളക്കെട്ടുണ്ടായതിന് അന്നത്തെ കേന്ദ്ര,സംസ്ഥാന സർക്കാറുകൾ നേരിട്ട വിമർശനം കോൺഗ്രസ് വക്താവ് മാധ്യമങ്ങളെ ഓർമിപ്പിച്ചു. ഇന്ത്യ എങ്ങനെ ഭരിക്കണമെന്ന് കോൺഗ്രസിൽനിന്ന് മോദി പഠിച്ചില്ലെങ്കിലും മാധ്യമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മോദിയിൽനിന്ന് തങ്ങൾ പഠിക്കണമെന്ന് പവൻ ഖേര പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.