ലക്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുമായി സഖ്യമില്ലെന്ന് ഭീം ആർമി പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്. എസ്.പിയും ഭീം ആർമി പാർട്ടിയും സഖ്യത്തിലേർപ്പെടുമെന്ന് രാവിലെ മാധ്യമ പ്രവർത്തകരോട് ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ മണിക്കൂറിനുള്ളിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സഖ്യമില്ലെന്ന് ആസാദ് വ്യക്തമാക്കിയത്.
അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനമാണ് വാർത്താസമ്മേളനത്തിൽ ചന്ദ്രശേഖർ ആസാദ് നടത്തിയത്. അഖിലേഷിന് സഖ്യത്തിലേക്ക് ദലിതരെ ആവശ്യമില്ലെന്നും ദലിത് വോട്ട് ബാങ്ക് മാത്രമാണ് വേണ്ടതെന്നും ആസാദ് കുറ്റപ്പെടുത്തി. ബഹുജൻ സമാജിലെ ജനങ്ങളെ അപമാനിച്ചു. സഖ്യത്തിനായി താൻ 1 മാസവും 3 ദിവസവും ശ്രമിച്ചെങ്കിലും യാഥാർഥ്യമായില്ലെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
സാമൂഹിക നീതി എന്തെന്ന് മനസിലാക്കാൻ അഖിലേഷിന് കഴിഞ്ഞില്ലെന്നും ദലിതരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം മൗനം പാലിച്ചെന്നും ആസാദ് കുറ്റപ്പെടുത്തി. സാമൂഹിക നീതിക്ക് വേണ്ടിയാണ് തന്‍റെ പോരാട്ടം. ഇതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കുമെന്നും അല്ലെങ്കിൽ സ്വയം പോരാടുമെന്നും ആസാദ് വ്യക്തമാക്കി.
യു.പി തെരഞ്ഞെടുപ്പിൽ വിശാല സഖ്യത്തിനുള്ള നീക്കത്തിലാണ് അഖിലേഷ് യാദവ്. സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി), നാഷണിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി), രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി), ജൻവാദി പാർട്ടി (സോഷ്യലിസ്റ്റ്), അപ്ന ദൾ (കൃഷ്ണ പട്ടേൽ), പ്രഗതിഷീൽ സമാജ് വാദി പാർട്ടി -ലോഹിയ (പി.എസ്.പി-എൽ), മഹൻ ദൾ എന്നിവയാണ് എസ്.പിയുടെ സഖ്യകക്ഷികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.