ന്യൂഡല്‍ഹി: ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ നടപ്പാക്കുന്ന യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡിഎ.ഐ) പുതിയ സി.ഇ.ഒ ഇനി ഭുവ്‌നേഷ് കുമാർ. മുന്‍ സി.ഇ.ഒ അമിത് അഗര്‍വാള്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സെക്രട്ടറിയായി നിയമിതനായ ഒഴിവിലാണ് ഭുവ്‌നേഷ് കുമാര്‍ എത്തുന്നത്.
ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്നു ഭുവ്‌നേഷ് കുമാർ. ഉത്തര്‍പ്രദേശ് കേഡറില്‍ നിന്നുള്ള 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനും കുരുക്ഷേത്ര എൻ.ഐ.ടി ബിരുദധാരിയുമാണ്. അഡീഷണല്‍ സെക്രട്ടറി സ്ഥാനത്തിനൊപ്പമാണ് യു.ഐ.ഡി.എ.ഐയുടെ സി.ഇ.ഒ പദവിയും ഭുവ്‌നേഷ് കുമാർ വഹിക്കുന്നത്. ഉത്തർപ്രദേശിൽ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് ആധാർ തിരിച്ചറിയൽ നമ്പറുകളും കാർഡുകളും നൽകുന്നതിനായി പ്രവർത്തിക്കുന്ന ഏക അംഗീകൃത സ്ഥാപനമാണിത്. 2009-ലാണ് യു.ഐ.ഡി.എ.ഐ നിലവിൽ വരുന്നത്. ഇന്ത്യയിലുടനീളം 138.08 കോടി ആധാർ നമ്പറുകളാണ് യു.ഐ.ഡി.എ.ഐ നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.