ലഖ്നോ: ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻ വിജയം. 75 ജില്ലാ പഞ്ചായത്ത് ചെയര്മാന് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 65 സീറ്റും ബി.െജ.പി തൂത്തുവാരി. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
ബി.ജെ.പി 65 സീറ്റുകള്‍ നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടി ആറില്‍ ഒതുങ്ങി. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ പിടിച്ചു. കോണ്‍ഗ്രസിനാകട്ടെ, സീറ്റൊന്നും നേടാനായില്ല. 2016ല്‍ നടന്ന കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ചെയര്മാന് പോസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി 60 സീറ്റുകള്‍ നേടിയിരുന്നു.
ഇത്തവണ 75ല്‍ 22 ജില്ലാ പഞ്ചായത്ത് ചെയർമാന്മാർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 21 ബി.ജെ.പി ചെയര്മാന്മാരും ഒരു എസ്.പി ചെയര്‍മാനുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 53 ജില്ലാ പഞ്ചായത്ത് ചെയമാന്മാരെ കണ്ടെത്തുന്നതിനാണ് ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തെരഞ്ഞെടുപ്പ് നടന്നത്. '2022ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഈ നേട്ടം അവർത്തിക്കും' -യു.പി ബി.ജെ.പി ചീഫ് സ്വതന്ത്ര ദേവ് സിങ് വാർത്താ ഏജൻസികളോട് പറഞ്ഞു. അതേസമയം, ബി.ജെ.പി ഭരണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നായിരുന്നു അഖിലേഷ് യാദവിന്റെ ആരോപണം.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ജില്ലാ പഞ്ചായത്ത് ചെയർമാന്മാരെ വോട്ടിലൂടെ തെരഞ്ഞെടുക്കുന്നത്. പ്രത്യേക പാര്‍ട്ടി അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പെങ്കിലും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള പിന്തുണ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കും. ഇത്തവണ ബി.എസ്.പി ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ തെരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനയെ ശക്തിപ്പെടുത്തേണ്ടതിനാലാണ് വിട്ടുനിൽക്കുന്നതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസമാണ് നാല് ഘട്ടങ്ങളിലായി നടന്ന ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവസാനിച്ചത്. ഇതില്‍ ബി.ജെ.പിയും എസ്.പിയും ഒപ്പത്തിനൊപ്പമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.