പട്ന: ബിഹാറിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിെൻറ നേതൃത്വത്തിൽ നിലവിൽ വരുന്ന എൻ.ഡി.എ സർക്കാരിൽ പ്രധാന വകുപ്പുകൾ ബി.ജെ.പി കൈവശം വെക്കുമെന്ന് സൂചന. യു.പിയിലേതിന് സമാനമായി രണ്ട് ഉപമുഖ്യമന്ത്രിമാർ ബി.ജെ.പിയിൽ നിന്നുണ്ടാവുമെന്നാണ് റിപ്പോർട്ട്. 74 സീറ്റുമായി എൻ.ഡി.എയിലെ ഏറ്റവും വലിയ കക്ഷിയായി മാറിയ ബി.ജെ.പിയായിരിക്കും സർക്കാരിൽ 'വല്യേട്ടൻ'. അതേസമയം, മുഖ്യമന്ത്രി സ്ഥാനം നിതീഷിനു തന്നെ നൽകാനാണ് ബി.ജെ.പി തീരുമാനം. അടുത്ത തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച നടക്കുന്ന അനൗപചാരിക ചർച്ചകളിൽ തീരുമാനമെടുക്കുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കി.
കേവല ഭൂരിപക്ഷത്തിലെത്താൻ മുന്നണിയിൽ അനിവാര്യമായ ചെറുകക്ഷികളായ ജിതൻ റാം മാഞ്ചിയുടെ അവാം മോർച്ച, വികാസ് ശീൽ ഇൻസാൻ പാർട്ടി എന്നിവർക്കും പ്രധാന വകുപ്പുകൾ നൽകേണ്ടിവരും. ഇല്ലെങ്കിൽ ഇരു കക്ഷികളും മഹാസഖ്യത്തിലേക്ക് മറുകണ്ടം ചാടാനുള്ള സാധ്യതയേറെയാണ്. 2014ൽ മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയ നിതീഷ്, പിന്നീട് അദ്ദേഹത്തോട് രാജിവെക്കാൻ ആവശ്യപ്പെെട്ടങ്കിലും മാഞ്ചി വഴങ്ങിയില്ല. തുടർന്ന് മാഞ്ചിയും അനുയായികളും മഹാസഖ്യത്തിലേക്ക് പോവുകയായിരുന്നു. മുകേഷ് സഹാനി നയിക്കുന്ന വികാസ് ശീൽ പാർട്ടി തെരഞ്ഞെടുപ്പിന് മുമ്പ് മഹാസഖ്യത്തിെൻറ ഭാഗമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ 25 സീറ്റും ഉപമുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെെട്ടങ്കിലും തേജസ്വി യാദവ് നൽകാൻ തയാറായില്ല. തുടർന്ന് മുകേഷ് സഹാനി, തേജസ്വി വാർത്തസമ്മേളനം നടത്തുന്നതിനിടെ ഇറങ്ങിപ്പോയി എൻ.ഡി.എയിൽ ചേരുകയായിരുന്നു.
2015ലെ അനുപാതമനുസരിച്ച് നാല് എം.എൽ.എമാരുള്ള എല്ലാ കക്ഷികൾക്കും മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. ആ നിലക്ക് നാല് സീറ്റ് നേടിയ അവാം മോർച്ചയും വികാസ് ശീലും രണ്ടു മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെേട്ടക്കും. അതിനിടെ, മാഞ്ചിയെയും മുകേഷ് സഹാനിയേയും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എംഐ.എമ്മിനെയും കൂട്ടി മഹാസഖ്യം സർക്കാരിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇൗ മൂന്നു കക്ഷികൾ ചേർന്നാൽ മഹാസഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിക്കും. സർക്കാർ രൂപവത്കരണ സാധ്യത ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തള്ളിക്കളഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.