ഗയ (ബിഹാർ): ഗ്രാമത്തിൽ കൃഷിക്കാവശ്യമായ ജലം എത്തിക്കാൻ ലോങ്കി ഭുയാനെന്ന കർഷകൻെറ കഠിനാധ്വാനം 30 വർഷത്തിനൊടുവിൽ ഫലം കണ്ടു. മലമുകളിൽ നിന്ന് ഒഴുകി പോകുന്ന മഴവെള്ളത്തെ കൃഷിക്ക് ഉപയോഗപ്പെടുത്തുന്നതിനായി ഒറ്റക്ക് മൂന്ന് കിലോമീറ്റർ ദൂരമാണ് ലോങ്കി കനാൽ വെട്ടിയത്. ഇതിനായി എടുത്തതോ 30 വർഷം.!!!
ബിഹാറിലെ ഗയ ജില്ലാ ആസ്ഥാനത്തു നിന്ന് 80 കിലോമീറ്റർ അകലെ ലത്വ പ്രദേശത്തെ കോത്തിലാവയാണ് ലോങ്കി ഭുയാനയുടെ ഗ്രാമം. മലകളും കാടുകളും നിറഞ്ഞ ഈ പ്രദേശം മാവോവാദികളുടെ സങ്കേതമാണ്. കൃഷിയും കന്നുകാലി വളർത്തലുമാണ് കോത്തിലാവയിെല ഗ്രാമീണരുടെ ജീവിതമാർഗം. സമീപത്തെ കാട്ടിൽ കാലികളെ മേയ്ക്കാനായി പോകാറുള്ള ലോങ്കി, കാലികൾ മേയുമ്പോൾ കനാൽ നിർമാണത്തിൽ മുഴുകാറായിരുന്നു പതിവ്. ഗ്രാമീണരിൽ പലരും ജീവിതമാർഗം തേടി നഗരങ്ങളിലേക്ക് ചേക്കേറിയപ്പോഴും ലോങ്കി ഗ്രാമത്തിൽ തുടർന്ന് കനാൽ നിർമാണം മുമ്പോട്ടു കൊണ്ടുപോവുകയായിരുന്നു.
ലോങ്കി ഭുയാൻ ഒറ്റക്ക് 30 വർഷംകൊണ്ട് നിർമിച്ച കനാൽ മൃഗങ്ങൾക്ക് ദാഹമകറ്റാനും കൃഷിക്ക് ജലസേചനത്തിനും സഹായകരമായതായി ഗ്രാമവാസിയായ പാട്ടി മഞ്ജി പറഞ്ഞു. ഇത് അദ്ദേഹം സ്വന്തം ഗുണത്തിന് ചെയ്തതല്ലെന്നും ഒരു പ്രദേശത്തിൻെറ മുഴുവൻ നൻമക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിൻെറ അധ്വാനമെന്നും പാട്ടി മഞ്ജി കൂട്ടിച്ചേർത്തു. ലോങ്കിയുടെ കഠിനാധ്വാനത്തെ കുറിച്ച് ജനം അറിഞ്ഞു തുടങ്ങിയെന്ന് അധ്യാപകനായ രാംവിലാസ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.