പാറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ആദ്യഘട്ടത്തിൽ 53.54 ശതമാനമാണ് പോളിങ്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ആണ് ഇക്കാര്യം അറിയിച്ചത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട പോളിങ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കുറവാണ് രേഖപ്പെടുത്തിയത്.
2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 54.94 ശതമാനമായിരുന്നു ഒന്നാം ഘട്ട പോളിങ്. ലോക്സഭ തെരഞ്ഞെടുപ്പിൽ 53.54 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ 2.14 കോടി വോട്ടര്‍മാരാണ് വിധിയെഴുതിയത്.
1066 സ്ഥാനാർഥികൾ ജനവിധി തേടിയ ആദ്യഘട്ട വോട്ടെടുപ്പിൽ 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് നടന്നത്. ഇതിൽ 42 ആർ.ജെ.ഡി, 35 ജെ.ഡി.യു, 29 ബി.ജെ.പി, 21 കോൺഗ്രസ്, എട്ട് ഇടതുപാർട്ടികൾ എന്നിങ്ങനെയാണ് കണക്ക്.
സീറ്റ് ധാരണ പ്രകാരം 243 അംഗ നിയമസഭയിൽ എൻ.ഡി.എ മുന്നണിയിൽ 115 ജെ.ഡി.യു, 110 ബി.ജെ.പി, 11 വികാശീൽ ഇൻസാൻ പാർടി, 7 ഹിന്ദുസ്ഥാനി അവാമി മോർച്ച എന്നിങ്ങനെ മത്സരിക്കുന്നത്.
മഹാഗദ് ബന്ധൻ മുന്നണിയിൽ ആർ.ജെ.ഡി 144, കോൺഗ്രസ് 70 സീറ്റിലും ജനവിധി തേടും. മഹാസഖ്യത്തിന്‍റെ ഭാഗമായ ഇടതുപാർട്ടികൾ 29 മണ്ഡലങ്ങളിൽ പോരാട്ടത്തിലാണ്. സി.പി.ഐ (എം.എൽ) 19 , സി.പി.ഐ ആറ്, സി.പി.എം നാല് എന്നിങ്ങനെയാണ് ഇടത് കക്ഷികളുടെ സീറ്റുകൾ.
ചിരാഗ് പാസ്വാൻ നേതൃത്വം നൽകുന്ന ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) 41 സീറ്റുകളിൽ മൽസരിക്കുന്നുണ്ട്. ഇതിൽ 35 എണ്ണം ജെ.ഡി.യു സ്ഥാനാർഥികൾ മൽസരിക്കുന്ന മണ്ഡലങ്ങളിലാണ്.
രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നവംബർ 3, നവംബർ 7 തീയതികളിൽ നടക്കും. നവംബർ 10ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.