പട്ന: 2021ന്‍റെ ആദ്യ അഞ്ചുമാസത്തിൽ വിശദീകരിക്കപ്പെടാത്ത കാരണങ്ങളാൽ ബീഹാറിൽ 75,000ത്തോളം പേർ മരിച്ചെന്ന് റിപ്പോർട്ട്. കോവിഡ് രണ്ടാം തരംഗത്തിന്‍റെ സമയവുമായി ചേർന്ന് വരുന്നതിനാൽ കണക്കിൽപ്പെടാത്ത കോവിഡ് മരണങ്ങളാണോ ഇതെന്ന ചോദ്യം ഉയർത്തുകയാണ് ഈ കണക്ക്. ഈ വർഷം ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് സംസ്ഥാനത്ത് 75,000ത്തോളം മരണങ്ങൾ കാരണം വിശദീകരിക്കപ്പെടാതെ രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക കോവിഡ് മരണത്തിന്‍റെ പത്തിരട്ടിയാണിത്.
2019ൽ ജനുവരി മുതൽ മേയ് വരെ ബീഹാറിൽ 1.3 ലക്ഷത്തോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021ൽ ഇതേ കാലയളവിൽ ഏകദേശം 2.2 ലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സിവിൽ രജിസ്ട്രേഷൻ വിഭാഗത്തിൽനിന്നുള്ള കണക്കുകൾ പ്രകാരമാണിത്. ഏകദേശം 82,500 മരണത്തിന്‍റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. മരണക്കണക്കിലെ ഈ 62 ശതമാനം വർധനവിന്‍റെ പകുതിയിലധികവും ഈ വർഷം മേയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
2021 ജനുവരി മുതൽ മേയ് വരെയുള്ള ബീഹാറിലെ ഔദ്യോഗിക കോവിഡ് മരണസംഖ്യ 7,717 ആണ്. നേരത്തെ ചേർക്കാതിരുന്ന 3,951 മരണം കൂടി ചേർത്ത ശേഷം ഈ മാസം ആദ്യം അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. പുതുക്കിയ കണക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന മരണങ്ങൾ എപ്പോൾ സംഭവിച്ചുവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും 2021ൽ തന്നെ നടന്നവയാണെന്നാണ് കരുതപ്പെടുന്നത്.
ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിലെ സംസ്ഥാനത്തെ ഔദ്യോഗിക കോവിഡ് മരണവും സിവിൽ രജിസ്ട്രേഷൻ സംവിധാനത്തിൽ രേഖപ്പെടുത്തിയ ആകെ മരണവും തമ്മിൽ 74,808ന്‍റെ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. കോവിഡ് മരണസംഖ്യ പുതുക്കിയിട്ടും സംസ്ഥാനത്ത് കണക്കിൽപ്പെടാത്ത കോവിഡ് മരണങ്ങളുണ്ടോ എന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത്.
ഇതോടെ കണക്കിൽപ്പെടാത്ത കോവിഡ് മരണമുണ്ടെന്ന് സംശയിക്കപ്പെടുന്ന മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് ബീഹാറും ചേർക്കപ്പെടുകയാണ്. നേരത്തെ വിശകലനം ചെയ്ത കണക്കുകൾ പ്രകാരം മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഡൽഹി എന്നീസംസ്ഥാനങ്ങളിൽ മാത്രം 4.8 ലക്ഷം അധിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.