ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകിയ ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികൾക്ക് 2022 ഓഗസ്റ്റ് 15ന് ഗോധ്ര സബ് ജയിലിൽ നിന്ന് മോചിതരായപ്പോൾ നൽകിയ സ്വീകരണം. (ഫോട്ടോ : പിടിഐ)

ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്ക് മുസ്‍ലിംകളെ കൊല്ലാനുള്ള രക്തദാഹികളുടെ സ്വഭാവം -സുപ്രീം കോടതിയിൽ അഡ്വ. ശോഭ ഗുപ്ത

ന്യൂദൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവെന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും പിഞ്ചുകുഞ്ഞടക്കം ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ കുറ്റവാളികൾക്ക് മുസ്‍ലിംകളെ കൊല്ലാനുള്ള രക്തദാഹികളുടെ സ്വഭാവമായിരുന്നുവെന്ന് സുപ്രീം കോടതിയിൽ അഡ്വ. ശോഭ ഗുപ്ത. കേസിലെ 11 കുറ്റവാളികളെയും ശിക്ഷ ഇളവ് നൽകി ജയിൽ മോചിതരാക്കിയതിനെതിരെ നൽകിയ ഹരജിയിൽ ബിൽക്കീസ് ബാനുവിന് വേണ്ടിയാണ് ശോഭ ഗുപ്ത ഹാജരായത്.

“ബിൽക്കീസ് ബാനുവിന്റെ ചിരപരിചയക്കാരായിരുന്നു പ്രതികളെല്ലാം. അവരുടെ വീടിനടുത്തുള്ളവർ. തങ്ങളെ ഉപദ്രവിക്കരുതെന്ന് അവൾ ഒരു സഹോദരിയെപ്പോലെ അക്രമികളോട് അപേക്ഷിച്ചിരുന്നു. പെട്ടെന്നുണ്ടായ അക്രമമായിരുന്നില്ല അത്. മുസ്‌ലിംകളെ വേട്ടയാടാനും കൊല്ലാനുമുള്ള രക്തദാഹികളെ പോലെയായിരുന്നു കുറ്റവാളികൾ ബിൽക്കീസിനെ പിന്തുടർന്നത്. ‘ഇവർ മുസ്‍ലിംകളാണ്, ഇവരെ കൊല്ലൂ’ എന്ന് മുദ്രാവാക്യം ഉയർത്തിയാണ് അക്രമം അഴിച്ചുവിട്ടത്. അഞ്ചുമാസം ഗർഭിണിയായ ബാനുവിനെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും ആദ്യത്തെ കുഞ്ഞിനെ കല്ലുകൊണ്ട് അടിച്ച് കൊല്ലുകയും ചെയ്തു. അവർ ചെയ്ത കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവവും വർഗീയ വിദ്വേഷവും ആണെന്ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു” -ശോഭ ഗുപ്ത ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചിനോട് പറഞ്ഞു.

ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകിയ ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികൾ

ശിക്ഷാഇളവ് നൽകി 2022 ഓഗസ്റ്റ് 15 ന് കുറ്റവാളികളെ വിട്ടയച്ച വിവരം അവർ പുറത്തിറങ്ങി ജയിലിന് പുറത്ത് ആഘോഷം നടത്തിയ വാർത്ത കണ്ടപ്പോഴാണ് ബിൽക്കീസ് അറിഞ്ഞതെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. കുറ്റവാളികൾക്ക് ഇളവ് അനുവദിച്ചതിനെ എതിർത്ത ഗുപ്ത, മാപ്പുനൽകാൻ കഴിയാത്ത സ്വഭാവമുള്ള കുറ്റമാണ് അവർ ചെയ്തതെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടി കുറ്റവാളികളുടെ മോചനത്തെ സി.ബി.ഐ എതിർത്ത കാര്യവും കോടതി​യെ ഓർമിപ്പിച്ചു.

കേസിലെ 11 കുറ്റവാളികളെയും മോചിപ്പിച്ചത് ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിൽ ഇന്നലെയാണ് സുപ്രീം കോടതി അന്തിമ വാദം കേൾക്കാൻ തുടങ്ങിയത്. ബിൽക്കീസ് ബാനുവിനെ കൂടാതെ, സി.പി.എം നേതാവ് സുഭാഷിണി അലി, സ്വതന്ത്ര മാധ്യമപ്രവർത്തക രേവതി ലാൽ, ലഖ്‌നോ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര തുടങ്ങിയവരും ശിക്ഷ ഇളവിനെതിരെ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ വിചാരണ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ച കുറ്റവാളികൾക്കെതിരെ ഗുജറാത്തി, ഇംഗ്ലീഷ് ഭാഷാ പത്രങ്ങളിൽ നോട്ടീസ് പ്രസിദ്ധീകരിക്കണമെന്ന് മേയ് ഒമ്പതിന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

ഗുജറാത്ത് വംശഹത്യക്കിടെ അക്രമികളിൽനിന്ന് രക്ഷപ്പെടാൻ പലായനം ചെയ്യാൻ ശ്രമിച്ച ബിൽക്കീസ് ബാനുവിനെയും കുടുംബത്തിനെയുമാണ് കുറ്റവാളികൾ ക്രൂരമായി ആക്രമിച്ചത്. അഞ്ച് മാസം ഗർഭിണിയായ 21കാരിയായ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അവരുടെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൺമുന്നിൽവെച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 

Tags:    
News Summary - Bilkis Bano case convicts driven by ‘blood thirsty’ approach to kill Muslims, SC told

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.