ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ 11 കുറ്റവാളികളെ വിട്ടയച്ച സംഭവത്തിൽ കുറ്റവാളികളുടെ കൃത്യം ഭയാനകമാണെന്നതുകൊണ്ട് മാത്രം ശിക്ഷാ ഇളവ് നൽകിയത് തെറ്റാണെന്ന് പറയാൻ പറ്റുമോ എന്ന് ജസ്റ്റിസ് രസ്തോഗി. ശിക്ഷ വെട്ടിച്ചുരുക്കിയത് നിയമത്തിന്റെ അളവുകോൽവെച്ചാണോ എന്ന് മാത്രമേ കോടതി നോക്കുന്നുള്ളൂ എന്നും രസ്തോഗി കപിൽ സിബലിനോട് പറഞ്ഞു.
കുറ്റവാളികളെ വിട്ടയച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാറിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ഗുജറാത്ത് സർക്കാറിന്റെ വിവാദ നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, സി.പി.എം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലോൽ, പ്രഫ. രൂപ് രേഖ് വർമ എന്നിവർ സമർപ്പിച്ച ഹരജികളിൽ ജയിൽമോചിതരായ 11 കുറ്റവാളികളെയും സുപ്രീംകോടതി കക്ഷിചേർത്തു. കുറ്റവാളികൾ ചെയ്ത കുറ്റകൃത്യത്തിന്റെ കാഠിന്യം നോക്കിയില്ലെന്നും ഗുജറാത്ത് സർക്കാർ തങ്ങളുടെ മുന്നിലുള്ള അപേക്ഷയെക്കുറിച്ച് ശരിക്കും ആലോചിച്ചിട്ടില്ലെന്നും സുഭാഷിണി അലിക്കുവേണ്ടി ഹാജരായ കപിൽ സിബൽ ബോധിപ്പിച്ചു.
11 കുറ്റവാളികളുടെ അപേക്ഷ ഒരുമിച്ച് പരിഗണിച്ച് ശിക്ഷാ ഇളവ് നൽകിയതിനെ മഹുവ മൊയ്ത്രക്കുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി ചോദ്യംചെയ്തു. എന്തു കുറ്റകൃത്യം ചെയ്താലും അവർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ശിക്ഷ വെട്ടിച്ചുരുക്കാൻ അവർ അർഹരാണോ എന്നതാണ് ചോദ്യമെന്നും ജസ്റ്റിസ് രസ്തോഗി പറഞ്ഞു.
ശിക്ഷാ ഇളവിനുള്ള പ്രതികളുടെ അപേക്ഷ പരിഗണിക്കാൻ ഗുജറാത്ത് സർക്കാറിനോട് ഉത്തരവിട്ടതിൽ താൻ ഇല്ലായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു. ശിക്ഷ റദ്ദാക്കാനുള്ള അനുമതി സുപ്രീംകോടതി നൽകി എന്ന് എവിടെയോ വായിച്ചു.
അത്തരമൊരു അനുമതി സുപ്രീംകോടതി നൽകിയിട്ടില്ലെന്നും അപേക്ഷ പരിഗണിക്കാനേ പറഞ്ഞിട്ടുള്ളൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോടതിരേഖകൾ പരിശോധിച്ച് ചിന്തിച്ച് തീരുമാനമെടുക്കാനാണ് പറഞ്ഞത് എന്ന് സിബൽ ഇതിന് മറുപടി നൽകി. ഹരജികൾക്ക് മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ആവശ്യപ്പെട്ടപ്പോൾ ഹരജിക്കാർക്ക് കേസുമായി ബന്ധമില്ലെന്നായിരുന്നു ഗുജറാത്ത് സർക്കാറിന്റെ മറുപടി. അതിനാൽ ഹരജികൾ നിലനിൽക്കില്ലെന്നും ഗുജറാത്ത് സർക്കാറിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല. വിട്ടയച്ച 11 കുറ്റവാളികളെയും കക്ഷിചേർക്കണമെന്നും അവരെക്കൂടി കേൾക്കണമെന്നുമുള്ള ഗുജറാത്ത് സർക്കാറിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.