ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യവേളയിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസ്സുകാരി ഉൾപ്പെടെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത ബിൽക്കീസ് ബാനു കേസിലെ 11 കുറ്റവാളികളെ വിട്ടയച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതുകൊണ്ടുകൂടിയാണെന്ന് ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
കൂട്ടബലാത്സംഗവും കൊലയും നടത്തിയ 11 കുറ്റവാളികളെ വളരെ നല്ല സ്വഭാവക്കാരായി കണ്ടുവെന്നും 14 വർഷമോ അതിലധികമോ ജയിലിൽ കഴിഞ്ഞുവെന്നും അവരുടെ മോചനത്തിനുള്ള മറ്റു ന്യായങ്ങളായി ബി.ജെ.പി സർക്കാർ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അതേസമയം, സി.ബി.ഐ പൊലീസ് സൂപ്രണ്ട്, സി.ബി.ഐ, മുംബൈ സ്പെഷൽ ക്രൈംബ്രാഞ്ച്, മുംബൈയിലെ പ്രത്യേക കോടതി ജഡ്ജി, മുംബൈ സിറ്റി സിവിൽ സെഷൻസ് കോടതി തുടങ്ങിയവർ ഇവരെ വിട്ടയക്കരുതെന്നാണ് അഭിപ്രായം അറിയിച്ചതെന്നും ഗുജറാത്ത് സർക്കാർ കൂട്ടിച്ചേർത്തു. 11 കുറ്റവാളികളും ചെയ്തത് ഹീനവും ഗൗരവവും കാഠിന്യമേറിയതുമായ കുറ്റകൃത്യമാണെന്നും അതിനാൽ അവരെ വിട്ടയക്കുകയെന്ന അപക്വമായ നടപടി കൈക്കൊള്ളരുതെന്ന് ഗോധ്ര സബ്ജയിൽ സൂപ്രണ്ടിന് അയച്ച കത്തിൽ ഇവരൊക്കെയും ആവശ്യപ്പെട്ടിരുന്നതായും സത്യവാങ്മൂലത്തിലുണ്ട്.
കുറ്റവാളികളെ വിട്ടയച്ചതിനെതിരെ പൊതുതാൽപര്യ ഹരജി നൽകിയവർക്ക് ഗുജറാത്ത് സർക്കാറിന്റെ എതിർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരു മാസത്തിലേറെ സമയം നൽകി സുപ്രീംകോടതി കേസ് അടുത്ത മാസം 29ലേക്ക് നീട്ടിവെച്ചു. ഗുജറാത്ത് നൽകിയ സത്യവാങ്മൂലത്തിൽ വസ്തുതാപരമായ ചിത്രമെവിടെ എന്നും മനസ്സറിഞ്ഞ് ചെയ്തതാണോ എന്നും ജസ്റ്റിസ് അജയ് രസ്തോഗി ചോദിച്ചു.
ദാഹോഡ് ജില്ല കലക്ടർ, ജില്ല പൊലീസ് സൂപ്രണ്ട്, ദാഹോഡ് ജില്ല ജയിൽ, ഗോധ്ര സബ് ജയിൽ സൂപ്രണ്ടുമാർ, ജയിൽ ഉപദേശക സമിതി, ജയിൽ ചുമതലയുള്ള അഹ്മദാബാദ് അഡീഷനൽ ഡയറക്ടർ ജനറൽ എന്നിവർ പ്രതികളെ മോചിപ്പിക്കുന്നതിന് അനുകൂലമായിരുന്നുവെന്നും അതുകൂടി കണക്കിലെടുത്താണ് വിട്ടയക്കണമെന്ന ശിപാർശ കേന്ദ്ര സർക്കാറിന് സമർപ്പിച്ചതെന്നും ഗുജറാത്ത് സർക്കാർ വിശദീകരിച്ചു.
അവരെ വിട്ടയക്കാൻ സമ്മതം നൽകി കഴിഞ്ഞ ജൂലൈ 11ന് കേന്ദ്ര സർക്കാർ ഗുജറാത്ത് സർക്കാറിന് കത്തയക്കുകയാണുണ്ടായത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായല്ല, 1992ലെ ഗുജറാത്ത് സർക്കാറിന്റെ നയം അനുസരിച്ചാണ് അവരെ വിട്ടയച്ചതെന്നും ഗുജറാത്ത് സർക്കാർ ബോധിപ്പിച്ചു.
2002 മാർച്ച് മൂന്നിനാണ് ഗർഭിണിയായ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത് 14 കുടുംബാംഗങ്ങളെ കൺമുന്നിലിട്ട് കൂട്ടക്കൊല നടത്തിയത്. മൂന്നു വയസ്സുണ്ടായിരുന്ന മകൾ സ്വാലിഹയെ തല നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ശിക്ഷാ കാലയളവിനുമുമ്പേ മോചിപ്പിച്ചതിനെതിരെ സുഭാഷിണി അലി, പ്രഫ. രൂപ് രേഖ വർമ, രേവതി ലോൽ, മഹുവ മൊയ്ത്ര, ഡോ. മീരൻ ചന്ദ്ര ബോർവങ്കർ, മധു ബഥുരി, ജഗ്ദീപ് ഛോക്കർ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.