ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക ഹൈകോടതിയിൽനിന്ന് ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. അറസ്റ്റിലായി ഒരു വർഷവും ഒരു ദിവസവും പിന്നിടുമ്പോഴാണ് ബിനീഷ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രി ഏട്ടോടെയാണ് ബിനീഷ് ജയിൽവിട്ടത്.
ബംഗളൂരുവിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും പൊലീസുകാരനുമാണ് ജാമ്യം നിന്നത്. ഇവരുടെ ശമ്പള സ്ലിപ്പുകളും തിരിച്ചറിയല്‍ രേഖകളും ഉള്‍പ്പെടെയുള്ള ജാമ്യ സത്യവാങ്മൂലം ഇരുവരും കോടതിയില്‍ സമര്‍പ്പിച്ചു. തുടർന്ന് കോടതിയിൽനിന്ന് ലഭിച്ച വിടുതൽ ഉത്തരവ് ജയിലിലെത്തിച്ചശേഷമാണ് പുറത്തിറങ്ങിയത്. ബിനീഷിനെ സ്വീകരിക്കാന്‍ സഹോദരന് ബിനോയിയും സുഹൃത്തുക്കളും എത്തിയിരുന്നു.
ശനിയാഴ്ച ബംഗളൂരുവിൽ കഴിഞ്ഞശേഷം ഞായറാഴ്ച രാവിലെ ബിനീഷ് കേരളത്തിലേക്ക് മടങ്ങും. 2020 ഒക്ടോബർ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 14 ദിവസത്തെ ഇ.ഡി കസ്റ്റഡിക്കുശേഷം നവംബർ 11 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഏഴുമാസത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിലായിരുന്നു ജാമ്യം.
വ്യാഴാഴ്ച ഹൈകോടതിയിൽനിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും ജയിൽ മോചനം വൈകി. ജാമ്യം നിൽക്കാമെന്നേറ്റവർ അവസാന നിമിഷം ഉപാധികളെത്തുടർന്ന് പിന്മാറിയതിനെ തുടർന്ന് വെള്ളിയാഴ്ച പുറത്തിറങ്ങാനായില്ല. അഞ്ചു ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യത്തിന് പുറമെ സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെടരുത്, തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത്, ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം, വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.