ന്യൂഡൽഹി: കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഭരണഘടനാപരമായ സന്തുലനം ലംഘിക്കുന്ന ഗവർണർ പദവി ഇല്ലാതാക്കാനുള്ള സ്വകാര്യബിൽ സി.പി.ഐ രാജ്യസഭാ നേതാവ് ബിനോയ് വിശ്വം രാജ്യസഭക്ക് സമർപ്പിച്ചു. ജനപ്രതിനിധിയല്ലാത്ത ഗവർണർക്ക് ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള അധികാരം നൽകരുതെന്ന് ബിനോയ് വിശ്വം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോളനിവത്കരണത്തിന്റെ പാരമ്പര്യമുള്ള ഗവർണർ പദവി ബ്രിട്ടീഷുകാർ ഉണ്ടാക്കിവെച്ച ഭാണ്ഡമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോളനിമുക്ത ഇന്ത്യയിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും ഫെഡറലിസവും കാത്തുസൂക്ഷിക്കാൻ ഗവർണർപദവി ഇല്ലാതാക്കാനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ തയാറാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകാതെ ഗവർണർമാർ പിടിച്ചുവെക്കുകയാണ്.
കേന്ദ്രം ഭരിക്കുന്നവർ ഗവർണറുടെ ഓഫിസിനെ ഉപയോഗിച്ച് കർണാടകയിലും മഹാരാഷ്ട്രയിലും അരുണാചലിലും ജനാധിപത്യ സർക്കാറുകളെ മറിച്ചിട്ടു. ബില്ലുകൾ പാസാക്കാൻ ഗവർണർമാർക്ക് കേന്ദ്രം സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാറിന് രണ്ട് തവണ പ്രമേയം അവതരിപ്പിക്കേണ്ടി വന്നുവെന്നും ബിനോയ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.