മംഗളൂരു: കുടകിൽ ബി.ജെ.പി പ്രവർത്തകൻ കാറിടിച്ച് മരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച സിദ്ധാപുരയിൽ റോഡ് ഉപരോധവും പ്രതിഷേധവും സംഘടിപ്പിച്ചു. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഡെപ്യൂട്ടി കമീഷണർ വെങ്കട് രാജ സിദ്ധാപുര, വൽനൂർ, അരേക്കാട്, നെല്ലിയാഹുഡിക്കേരി, കുശാൽ നഗര പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാത്രി വീടുകൾ കയറി കുടക്-മൈസൂരു മണ്ഡലം ബി.ജെ.പി സ്ഥാനാർഥി യദുവീർ കൃഷ്ണദത്തക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച് മടങ്ങുകയായിരുന്ന എം. രാമപ്പയാണ് (60) കാറിടിച്ച് മരിച്ചത്. ചന്ദ്രരാജ്, രതീഷ് എന്നീ പ്രവർത്തകർക്ക് പരിക്കേറ്റു. മൂവരെയും ഇടിച്ചുവീഴ്ത്തി കാർ നിർത്താതെ പോവുകയായിരുന്നു. അതുവഴി വന്ന ബി.ജെ.പി ജില്ല സെക്രട്ടറി വി.ആർ. ലോകേഷാണ് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിർത്താതെ പോയ കാറും ഡ്രൈവർ അർഷാദിനേയും പിന്നീട് നാട്ടുകാർ ചിക്കിളിഹോളയിൽനിന്ന് പിടികൂടി പൊലീസിന് കൈമാറി. വീരാജ്പേട്ട എം.എൽ.എയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമോപദേഷ്ടാവുമായ എ.എസ്. പൊന്നണ്ണ, മടിക്കേരി കോൺഗ്രസ് എം.എൽ.എ ഡോ. മന്തർ ഗൗഡ എന്നിവർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.