നാലു ബീഗവും 36 കുട്ടികളും ഒരിക്കലും അനുവദിക്കരുത്; രാജ്യത്ത് ജനസംഖ്യ നിയന്ത്രണം അനിവാര്യം -ബി.ജെ.പി എം.എൽ.എ

ജയ്പൂർ: രണ്ട് കുട്ടികൾ മാത്രം മതിയെന്ന ഏകീകൃത ജനസംഖ്യ നയം രാജ്യം മുഴുവൻ നടപ്പാക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ നിർദേശത്തിനു പിന്നാലെ മുസ്‍ലിംകളെ ഉന്നം വെച്ച് രാജസ്ഥാൻ ബി.ജെ.പി എം.എൽ.എ ബാൽമുകുന്ദ് ആചാര്യ. നാലു ബീഗവും(ഭാര്യമാർ) 36 കുട്ടികളും എന്നത് ഒരിക്കലും അനുവദിക്കാൻ പാടില്ലെന്നും ആചാര്യ ആവശ്യപ്പെട്ടു. രാജ്യത്തെ ജനസംഖ്യ ക്രമാധീതം കുതിച്ചുയരുകയാണെന്നും ജനസംഖ്യ നിയന്ത്രിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ബി.ജെ.പി എം.എൽ.എ ആവശ്യപ്പെട്ടു.

'നാലു ബീഗവും 36 കുട്ടികളും എന്ന രീതി ഒരിക്കലും അനുവദിക്കാൻ പാടില്ല. ഒരു രാജ്യത്തിന് ഒരു നിയമം വേണമെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ നിരന്തരം ആവശ്യപ്പെടുന്നു. നേരത്തെ ജമ്മു കശ്മീർ സന്ദർശിക്കുമ്പോൾ ഞങ്ങൾ ഇന്ത്യയിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നു. അന്ന് വളരെയധികം വേദന തോന്നി. ഇന്ന് 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം രാജ്യത്തുടനീളം നടപ്പാക്കുന്ന നിയമം ജമ്മു കശ്മീരിലും നടപ്പാക്കുന്നു.'- ആചാര്യ പറഞ്ഞു.

യാതൊരു വിവേചനവുമില്ലാതെ എല്ലാവർക്കും ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും സർക്കാർ നൽകുന്നുണ്ട്. റാമിനും റഹീമിനും യാതൊരു വിവേചനവുമില്ലാതെ ആനുകൂല്യങ്ങൾ നൽകുമ്പോൾ എന്തുകൊണ്ട് എല്ലാവർക്കും സമാനമായ നിയമങ്ങൾ പാടില്ല? രാജ്യം പുരോഗതി കൈവരിക്കേണ്ടതുണ്ട്, നമ്മൾ നമ്മുടെ പരമാവധി ചെയ്യേണ്ടതുണ്ടെന്നും ആചാര്യ കൂട്ടിച്ചേർത്തു.

ജനസംഖ്യാ വർധനവ് ഒരു പ്രധാന പ്രശ്നമാണെന്നും അത് അസന്തുലിതാവസ്ഥയിലേക്ക് നയിക്കും. നാല് ഭാര്യമാരും 36 കുട്ടികളുമുള്ള ഒരു സമൂഹമുണ്ട്. മൂന്ന് മുതൽ നാല് വരെ ഭാര്യമാരുള്ള ആളുകൾ സഭയിൽ (രാജസ്ഥാൻ നിയമസഭ) ഉണ്ട്. ഭൂരിഭാഗം പേരും ഒരു ഭാര്യയും പരമാവധി രണ്ട് കുട്ടികളുമുള്ളവരാണ്. ഇത് തെറ്റാണ്. എല്ലാവർക്കും തുല്യമായ നിയമങ്ങൾ ഉണ്ടാകണം. -ബി.ജെ.പി എം.എൽ.എ ആവശ്യപ്പെട്ടു.

ലോക ജനസംഖ്യാ ദിനത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ഒരു വിഭാഗം ആളുകൾ സർക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ ശ്രമങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് പറഞ്ഞിരുന്നു. ജനസംഖ്യ വർധിച്ചാൽ പല പ്രശ്നങ്ങളുമുണ്ടാകുമെന്ന് അത്തരക്കാരെ ബോധ്യപ്പെടുത്തണമെന്നും ശർമ ആവശ്യപ്പെടുകയുണ്ടായി.

Tags:    
News Summary - Rajasthan BJP MLA Balmukund Acharya wants population control law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.