‘എവിടെ നിങ്ങളുടെ സിന്ദൂരവും താലിയും?’; ഉത്തരാഖണ്ഡിൽ ക്രിസ്തുമത പ്രാർഥനക്കെത്തിയവർക്കു നേരെ ഹിന്ദുത്വസംഘത്തിന്റെ ആക്രമണം

ഡെറാഡ്യൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ക്രിസ്തുമത പ്രാർഥനക്കെത്തിയവർക്കു നേരെ ഹിന്ദുത്വരുടെ ആക്രമണം. ജൂലൈ 14നാണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു വീട്ടിൽ വെച്ചായിരുന്നു പ്രാർഥന സംഗമം നടന്നത്. പ്രാർഥന നടന്നുകൊണ്ടിരിക്കെ ഒരു സംഘം ഹിന്ദുത്വ അക്രമികൾ വീട്ടിലേക്ക് അതിക്രമിച്ചു കയറി. സ്ത്രീകളും കുട്ടികളുമടക്കം പ്രാർഥന സംഘത്തിലുണ്ടായിരുന്നു.

അതിക്രമിച്ചു കയറിയ സംഘം പ്രാർഥനയിൽ പ​ങ്കെടുത്തവർക്കു നേരെ അസഭ്യവർഷവും നടത്തി. അക്രമത്തിൽ ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാർഥിക്കാനെത്തിയവരുടെ കൂട്ടത്തിൽ കൈക്കുഞ്ഞുമായി ഒരു യുവതിയുമുണ്ടായിരുന്നു. യുവതി സിന്ദൂരവും താലിയും ധരിക്കാത്തതിനെയും അക്രമികൾ ചോദ്യം ചെയ്തു. കുട്ടികളെ പോലും സംഘം വെറുതെ വിട്ടില്ല. അവരുടെ തലയിൽ കുത്തിപ്പിടിച്ച് എന്തിനാണ് പ്രാർഥനയിൽ പ​ങ്കെടുക്കാനെത്തിയതെന്ന് ചോദിച്ചു. ഇനിയൊരിക്കലും ഞായറാഴ്ചയിലെ പ്രാർഥനയിൽ പ​ങ്കെടുക്കരുതെന്ന് താക്കീതും നൽകി.

ദേവേന്ദ്ര ദോഭാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് നേതൃത്വം നൽകിയത്. മുൻ സൈനികനെന്ന് അവകാശപ്പെടുന്ന ഇയാൾ സജീവ ആർ.എസ്.എസ് പ്രവർത്തകനാണ്. സംഭവത്തിൽ ദേവേന്ദ്ര ദോഭാൽ ഉൾപ്പെടെ 11 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

''അവർ മുട്ടുന്നത് കേട്ടാണ് ഞാൻ വാതിൽ തുറന്നത്. എന്താണ് കാര്യമെന്ന് അവരോട് ചോദിച്ചു. മറുപടി പറയാതെ അവർ മുറിക്കുള്ളിൽ കയറി ഞങ്ങൾ മതപരമായ സംഭാഷണം നടത്തുകയാണെന്ന് പറഞ്ഞ് ആക്രോശിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ചർച്ച ചെയ്യാമെന്ന് അവരോട് പറഞ്ഞു. അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ, അവർ ഞങ്ങളോട് ആക്രോശിക്കാൻ തുടങ്ങി. ഞങ്ങളുടെ വിശ്വാസത്തിൽപെട്ടവർ രക്തം കുടിക്കുന്നവരാണെന്നും സ്ത്രീകൾ സിന്ദൂരം ധരിക്കുന്നില്ലെന്നും അവർ പറഞ്ഞു. വ്യക്തിജീവിതത്തിൽ ചെയ്യുന്നതിനൊന്നും മറ്റൊരാളോട് മറുപടി പറയേണ്ടതില്ലെന്ന് അവരോട് ഞാൻ പറഞ്ഞു. അതിനു ശേഷം ഞങ്ങളുടെ വീട് അവർ തകർത്തു.''-അക്രമത്തെ കുറിച്ച് പാസ്റ്റർ രാജേഷ് ഭൂമിയുടെ ഭാര്യ ദീക്ഷ പോൾ പറയുന്നത് ഇങ്ങനെയാണ്.

ഹിന്ദുത്വ സംഘം തങ്ങളുടെ മാതാപിതാക്കളെ തല്ലിച്ചതക്കുന്നത് കുട്ടികൾ ദയനീയമായി നോക്കി നിന്നു. ഞങ്ങളുടെ ലാപ്ടോപ്പുകൾ അവർ തറയിലേക്കെറിഞ്ഞു. എന്റെ മകന് ആറു വയസേ ഉള്ളൂ. മകൾക്ക് ഒരു വയസും. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളുമായാണ് എല്ലാവരും പ്രാർഥനക്കെത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, അക്രമികളുടെ പേരിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാവപ്പെട്ട ഹിന്ദു കുടുംബങ്ങ​ളെ കൊള്ളയടിച്ചാണ് ക്രിസ്ത്യാനികൾ ജീവിക്കുന്നതെന്നാണ് അക്രമികൾ ഒരു വിഡിയോയിൽ ആരോപിക്കുന്നത്. അവർ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്താൻ നിർബന്ധിക്കപ്പെട്ടവരാണെന്നും വിഡിയോയിൽ പറയുന്നുണ്ട്.

Tags:    
News Summary - Hindutva mob attacks Christian prayer meet in Dehradun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.