ന്യൂഡൽഹി: മദ്യനയക്കേസിൽ ആം ആദ്മി പാർട്ടി നേതാവും എം.പിയുമായ സഞ്ജയ് സിങ്ങിനെതിരായ ഇ.ഡി അന്വേഷണത്തിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ബോർഡുകൾ കെട്ടിപ്പൊക്കി ബി.ജെ.പി. വരും ദിവസങ്ങളിൽ എ.എ.പി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
സഞ്ജയ് സിങ്ങിന്‍റെ വസതിയിൽ റെയ്ഡ് നടന്നതിന് പിന്നാലെ ഇരു പാർട്ടിയിലേയും നേതാക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. സഞ്ജയ് സിങ്ങിന് മദ്യനയ അഴിമതിക്കേസിൽ സുപ്രധാന പങ്കുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം എപ്പോഴും ഇ.ഡി തന്‍റെ വീട് റെയ്ഡ് ചെയ്യും എന്ന് പറഞ്ഞിരുന്നതെന്നും ബി.ജെ.പി നേതാവ് മജീന്ദർ സിങ് സിർസ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും വ്യവസായി ഗൗതം അദാനിയുടേയും ബന്ധത്തെ കുറിച്ച് നിരന്തരം ചോദ്യം ചെയ്തതിലുള്ള പകയാണ് റെയ്ഡിന് പിന്നിലെന്നാണ് ആം ആദ്മിയുടെ പ്രതികരണം.
സഞ്ജയ് സിങ്ങിന്‍റെ വസതിയിലായിരുന്നു ഇ.ഡി റെയ്ഡ് നടത്തിയത്. കൃത്യമായ തെളിവുകൾ ഇല്ലാതെ ഇ.ഡി തന്‍റെ പേര് മദ്യനയ അഴിമതിയുമായി ഇ.ഡി ബന്ധപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് സിങ് നേരത്തെ ധനകാര്യ സെക്രട്ടറി ടി.വി സോമനാഥന് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.