ലഖ്നോ: യു.പിയിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് കുട്ടികളെ രക്ഷിച്ച യാക്കൂബ് മൻസൂരിക്ക് ദുരന്തത്തിൽ നഷ്ടമായത് ഇരട്ട കുട്ടികളെ. വലിയ തീപിടത്തമാണ് ആശുപത്രിയിൽ ഉണ്ടായത്. ധൈര്യമുള്ളവരെ പോലും ഭയപ്പെടുത്തുന്നതായി തീപിടിത്തം.
വലിയ തീജ്വാലകളും പുകയും രക്ഷാപ്രവർത്തനം ദുഷ്‍കരമാക്കിയിരുന്നു. എന്നാൽ, ജനൽ തകർത്ത് അതിനുള്ളിലേക്ക് കയറാൻ തനിക്ക് സാധിച്ചു.എന്നാൽ, തീജ്വാലകൾ മൂലം മക്കൾ കിടക്കുന്ന വാർഡിലേക്ക് പോകാൻ സാധിച്ചില്ല. പിന്നീട് മറ്റ് വാർഡുകളിൽ നിന്നും നവജാത ശിശുക്കളെ രക്ഷിക്കാൻ ശ്രമിച്ചു. എനിക്ക് രണ്ട് മക്കളുണ്ടായിരുന്നു രണ്ടാളേയും ദുരന്തത്തിൽ നഷ്ടമായെന്ന് യാക്കൂബ് പറഞ്ഞു.
ആശുപത്രി ദുരന്തത്തിൽ മരിച്ച തന്റെ മക്കളുൾപ്പടെയുള്ള മുഴുവൻ കുട്ടികൾക്കും നീതി വേണമെന്നും യാക്കൂബ് മൻസൂരി ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ 11 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യമുണ്ടായിരുന്നു.
നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ (എൻ.ഐ.സി.യു) വെള്ളിയാഴ്ച രാത്രി 10.30ഓടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 16 കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു. തീപിടിത്തം യാദൃശ്ചികമായുണ്ടായതാണെന്ന് രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സംഭവത്തിൽ ക്രിമിനൽ ഗൂഡാലോചനയോ അശ്രദ്ധയോ ഇല്ലെന്നുമാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.