ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ബി.ജെ.പി മുനിസിപ്പൽ കൗൺസിലറെ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തി. രാകേഷ് പണ്ഡിറ്റ് എന്നയാളാണ് കൊല്ലപ്പെട്ടത്. ത്രാൽ മേഖലയിലെ സുഹൃത്തിന്‍റെ വീട്ടിലായിരിക്കുമ്പോൾ മൂന്ന് തീവ്രവാദികളെത്തി വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
രാകേഷ് പണ്ഡിറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആഷിഖ മുസ്താഖ് എന്നൊരു സ്ത്രീക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുമുണ്ട്. ആശുപത്രിയിൽ കഴിയുന്ന ഇവരുടെ നില ഗുരുതരമാണ്.
ആക്രമണ ഭീഷണി ഉള്ളതിനാൽ കൗൺസിലർക്ക് സുരക്ഷാ ജീവനക്കാരെ അനുവദിച്ചിരുന്നു. ശ്രീനഗറിലെ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ, സുരക്ഷാ ജീവനക്കാരെ കൂടാതെ ഇയാൾ സുഹൃത്തിന്‍റെ വീട്ടിൽ വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
2018ലെ തെരഞ്ഞെടുപ്പിൽ ത്രാലിൽ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടയാളാണ് രാകേഷ് പണ്ഡിറ്റ്. നാഷണൽ കോൺഫറൻസും പി.ഡി.പിയും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
കൊലപാതകത്തെ ലെഫ്. ഗവർണർ മനോജ് സിൻഹ, മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങിയവർ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.