കർണാടകയിൽ ബി.ജെ.പി പരാജയം അംഗീകരിച്ചു കഴിഞ്ഞെന്ന് രൺദീപ് സുർജെവാല

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയം അംഗീകരിച്ചു കഴിഞ്ഞെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാല. വോട്ട് ചെയ്യാനെത്തിയ കോടിക്കണക്കിന് വരുന്ന വോട്ടർമാർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

കോൺഗ്രസ് കേവല ഭൂരിപക്ഷം തികക്കുമെന്ന് കരുതുന്നു. നാളെ വോട്ടെണ്ണിക്കഴിഞ്ഞാൽ കോൺഗ്രസ് ഒറ്റക്ക് സർക്കാർ രൂപീകരിക്കുമെന്നും സുർജെവാല പ്രതീക്ഷ പ്രകടിപ്പിച്ചു.

'കോൺഗ്രസിന് വോട്ട് ചെയ്ത കർണാടകയിലെ 6.5 കോടി ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. നമുക്ക് നാളെ ഫലം വരുന്നതുവരെ കാത്തിരിക്കാം. ബി.​ജെ.പി അവരുടെ പരാജയം അംഗീകരിച്ചു കഴിഞ്ഞു.’ -സുർജെവാല പറഞ്ഞു.

2018ലെതു പോലെ ജനതാദൾ സെക്യുലറുമായി സഖ്യം ചേരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ഒറ്റക്ക് സർക്കാർ രൂപീകരിക്കാനാവുമെന്ന് സുർജെവാല പ്രതീക്ഷ പ്രകടിപ്പിച്ചത്.

‘അവർ എവിടേക്കാണെന്ന് ​വെച്ചാൽ പോകട്ടെ. മാന്യമായ ഭൂരിപക്ഷത്തോടെ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’- സുർജെ വാല പറഞ്ഞു.

എന്നാൽ, എക്സിറ്റ് പോളുകളിൽ ശക്തമായ മത്സരവും തൂക്കു മന്ത്രിസഭയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ജെ.ഡി.എസ് കിങ്മേക്കറാകുമെന്നും പ്രവചനമുണ്ട്. അതേസമയം, തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്ന ആരുമായും സഖ്യം ചേരാൻ തയാറാണെന്ന് , 30 സീറ്റിലേറെ കിട്ടുമെന്ന് പ്രതീക്ഷയില്ലാത്ത ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ ഡി.കെ ശിവകുമാറും എക്സിറ്റ് പോളുകളെ തള്ളിപ്പറഞ്ഞു. ‘എക്സിറ്റ് പോളുകൾ അവരുടെതായ തിയറികളിലാണ് പ്രവർത്തിക്കുന്നത്. അത്തരം കാര്യങ്ങളൊന്നും ഞങ്ങൾ ശ്രദ്ധിക്കുന്നില്ല. ഞങ്ങൾക്ക് കേവല ഭൂരിപക്ഷം ലഭിക്കും. ജെ.ഡി.എസിനെ കുറിച്ച് എനിക്ക് ഒന്നമറിയില്ല. അവരുടെ തീരുമാനം അവരെടുക്കട്ടെ. കോൺഗ്രസ് ജയിക്കുമെന്നതാണ് എന്റെ പദ്ധതി. മറെറാരു പദ്ധതിയെ കുറിച്ച് ചിന്തിക്കുന്നില്ല.’ - ശിവ കുമാർ വ്യക്തമാക്കി.

Tags:    
News Summary - BJP has accepted its defeat,’ Congress leader Randeep Surjewala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.