ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് മൈസൂരുവിൽ അനധികൃതമായി സർക്കാർ ഭൂമി കൈമാറിയെന്ന ആരോപണവുമായി ബി.ജെ.പി രംഗത്ത്. മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിലുള്ള നാല് ഏക്കറോളം വരുന്ന ഭൂമി നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും പകരം മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിക്ക് (മുഡ) കീഴിലെ തന്ത്രപ്രധാനമായ പ്ലോട്ട് അനുവദിച്ചെന്നുമാണ് ആക്ഷേപം.
അതേസമയം, ആരോപണം നിഷേധിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ‘50: 50 അനുപാതം’ പദ്ധതി പ്രകാരമാണ് ഭൂമി കൈമാറിയിട്ടുള്ളതെന്ന് പ്രതികരിച്ചു.
ഭാര്യയുടെ പേരിലുള്ള ഭൂമിയിൽ മൈസൂരു വികസന അതോറിറ്റി (മുഡ) ലേഔട്ട് ഉണ്ടാക്കി പ്ലോട്ടുകൾ വിറ്റതായും ഇതിനു പകരമായാണ് ഭൂമി നൽകിയതെന്നും വിശദീകരിച്ച സിദ്ധരാമയ്യ, തന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഔദ്യോഗികമായി ഏറ്റെടുക്കാതെയാണ് മുഡ പ്ലോട്ടുകളാക്കി വിറ്റതെന്ന് ചൂണ്ടിക്കാട്ടി. ഭാര്യക്ക് ഭൂമി നൽകിയത് തന്റെ ഭരണകാലത്തല്ലെന്നും ബി.ജെ.പി സർക്കാറിന്റെ ഭരണകാലത്താണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. മൈസൂരു സ്വദേശിയാണ് സിദ്ധരാമയ്യ.
‘50: 50 അനുപാതം’ പദ്ധതി പ്രകാരം, അവികസിത മേഖലയിൽ ഒരാളുടെ ഒരു ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്താൽ പകരം പ്ലോട്ട് വികസിപ്പിച്ച പ്രധാനയിടത്ത് കാൽ ഏക്കർ ഭൂമിയാണ് സർക്കാർ പകരം അനുവദിക്കുക. ‘അനധികൃത’ ഭൂമി ഇടപാടിനെ സിദ്ധരാമയ്യ എങ്ങനെ ന്യായീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക എക്സിൽ ചോദിച്ചു.
വിഷയം പുറത്തുവന്നതോടെ മുഡയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നതിന് പകരം സ്ഥലംമാറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി മറച്ചുവെക്കാനാണ് രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം അന്വേഷണമേൽപിച്ചതെന്ന് കുറ്റപ്പെടുത്തിയ ആർ. അശോക, സി.ബി.ഐയോ റിട്ട. ഹൈകോടതി ജഡ്ജിയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
മന്ത്രിസഭയുടെ അനുമതിയില്ലാതെ പ്രധാന മേഖലയിൽ 50:50 അനുപാത പദ്ധതിപ്രകാരം ഭൂമി കൈമാറാൻ ആരാണ് അനുവാദം നൽകിയത്? പ്രധാന മേഖലയിൽ ഭൂമി നൽകാൻ ആരാണ് നിർദേശിച്ചത്? -പ്രതിപക്ഷ നേതാവ് ചോദിച്ചു.
തന്റെ ഭാര്യസഹോദരൻ മല്ലികാർജുന 1996ൽ വാങ്ങിയ മൂന്ന് ഏക്കർ 36 ഗുണ്ഡ സ്ഥലം (ഒരു ഏക്കർ എന്നാൽ 40 ഗുണ്ഡ) പിന്നീട് സഹോദരിക്ക് ഇഷ്ടദാനമായി കൈമാറുകയായിരുന്നെന്ന് സിദ്ധരാമയ്യ പറഞ്ഞു. ‘‘മൈസൂരു വികസന അതോറിറ്റി ഈ സ്ഥലം അക്വയർ ചെയ്തിരുന്നില്ല.
എന്നാൽ, പ്ലോട്ടുകൾ രൂപപ്പെടുത്തി അവ വിറ്റു. മനഃപൂർവമാണോ അറിയാതെയാണോ മൈസൂരു വികസന അതോറിറ്റി അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. ഇതോടെ ഭാര്യയുടെ ഭൂമി നഷ്ടപ്പെട്ടു.
ഞങ്ങളുടെ ഭൂമി ഞങ്ങൾ നഷ്ടപ്പെടുത്തണോ? പകരം ഭൂമി തരാൻ അതോറിറ്റിക്ക് ബാധ്യതയില്ലേ? ഞങ്ങൾ ഇതേകുറിച്ച് മൈസൂരു വികസന അതോറിറ്റിയോട് ചോദിച്ചപ്പോൾ, 50:50 അനുപാത പദ്ധതിപ്രകാരം ഭൂമി പകരം നൽകാമെന്ന് അവർ പറഞ്ഞു. ഞങ്ങൾ അത് സമ്മതിച്ചു. നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായ ഭൂമി പലയിടങ്ങളിലായി അതോറിറ്റി നൽകി. അതിലെന്താണ് തെറ്റ്?’’ -സിദ്ധരാമയ്യ ചോദിച്ചു.
ഭൂമി വിഷയം വിവാദമായതോടെ, അർബൻ അതോറിറ്റി കമീഷണർ ആർ. വെങ്കടചലപതിയുടെ നേതൃത്വത്തിലുള്ള പാനൽ അന്വേഷിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ടൗൺ ആൻഡ് കൺട്രി പ്ലാനിങ് അഡീ. ഡയറക്ടർ എം.സി. ശശികുമാർ, ടൗൺ ആൻഡ് കൺട്രി പ്ലാനിങ് കമീഷണറേറ്റ് ജോയന്റ് ഡയറക്ടർ ശന്താല, ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് എന്നിവരാണ് അന്വേഷണ പാനൽ അംഗങ്ങൾ. വിഷയത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നൽകിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.