ചെന്നൈ: സനാതന ധർമ വിവാദം ആളിക്കത്തുന്നതിനിടെ ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമർശനം തുടർന്ന് തമിഴ്നാട് യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിൻ. ബി.ജെ.പി വിഷപാമ്പാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉദയനിധി സ്റ്റാലിൻ തുറന്നടിച്ചു.
തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് ഒളിക്കാൻ ഇടം നൽകുന്ന എ.ഐ.എ.ഡി.എം.കെ നടപടി പാഴ്‌വേലയാണെന്നും ഇരു പാർട്ടികൾക്കും ഇടം നൽകരുതെന്നും അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ജി 20 ഉച്ചകോടിക്ക് മുൻപ് ഡൽഹിയിൽ ചേരിയെ മറച്ചതാണ് നരേന്ദ്രമോദി മുന്നോട്ട് വെക്കുന്ന വികസനമെന്നും അദ്ദേഹം പൊതുയോഗത്തിൽ ചൂണ്ടിക്കാണിച്ചു. ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നിൽ പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ പങ്കെടുത്ത് മടങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നേരത്തെ ഉദയനിധി തൊടുത്തുവിട്ട സനാതന ധർമ പരമർശത്തിൽ ബി.ജെ.പിയും മറ്റ് സംഘ്പരിവാർ കക്ഷികളും വ്യാപക പ്രതിഷേധമാണ് ഉയർത്തിയത്.
സെപ്റ്റംബർ രണ്ടിന് തമിഴ്നാട് പ്രോഗ്രസിവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. ചില കാര്യങ്ങൾ എതിർക്കാനാവില്ലെന്നും അവയെ ഉന്മൂലനം ചെയ്യണമെന്നും സനാതന ധർമത്തേയും അതുപോലെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രസംഗം.
സനാതന ധർമം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പരാമർശത്തിൽ ഉദയനിധിക്കെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.