ബി.ജെ.പി പൊതുശത്രു; നേരിടാൻ പലവഴിക്ക്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾക്ക് ദേശീയ നിർവാഹകസമിതി യോഗം വിളിച്ച് ബി.ജെ.പി തുടക്കമിട്ടതിനൊപ്പം പ്രതിപക്ഷ പാർട്ടികളും തയാറെടുപ്പിൽ. എന്നാൽ, ബി.ജെ.പിയെ നേരിടുകയെന്ന പൊതുലക്ഷ്യം പ്രഖ്യാപിക്കുന്ന പ്രതിപക്ഷത്തിന്‍റെ നീക്കം പലവഴിക്ക്.

തെലങ്കാന രാഷ്ട്രസമിതിക്ക് ദേശീയമുഖം നൽകാൻ ഭാരത് രാഷ്ട്രസമിതിയെന്ന് പേരുമാറ്റിയ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മൂന്നാം മുന്നണിയുടെ അമരക്കാരനാകാനുള്ള ശ്രമം തുടങ്ങിവെച്ചതാണ് ഖമ്മത്ത് നടന്ന പാർട്ടിയുടെ ആദ്യറാലി. ബി.ആർ.എസിന്‍റെ വേദിയിൽ സി.പി.എം, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, സി.പി.ഐ നേതാക്കൾ അണിനിരന്നപ്പോൾ സി.പി.എം-തൃണമൂൽ കോൺഗ്രസ് പോര് തുടരുന്നതിനാൽ ഈ കൂട്ടായ്മയിൽനിന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അകലംപാലിച്ചു.

അതേസമയം, സ്വന്തംനിലക്ക് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നുവരാൻ ശ്രമിക്കുന്ന മമത ബാനർജിക്ക് മറ്റൊരു പ്രതിപക്ഷചേരിക്കാണ് താൽപര്യം. ഡി.എം.കെക്ക് കോൺഗ്രസുമായാണ് കൂടുതൽ മമതയെന്നിരിക്കെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എത്തിയില്ല. പൊതുസമ്മതനാകാൻ സാധ്യത തേടുന്ന ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും സമാജ്വാദി പാർട്ടി നേതാവിനെ സ്വീകാര്യമല്ലാത്ത ബി.എസ്.പി നേതാവ് മായാവതിയും ഖമ്മം യോഗത്തോട് താൽപര്യം കാണിച്ചില്ല.

ഭാരത് ജോഡോ യാത്രയുടെ സമാപനം പ്രമാണിച്ച് രണ്ടു ഡസൻ പാർട്ടികളെ ഈമാസം 30ന് ശ്രീനഗറിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മറ്റു പ്രതിപക്ഷ പാർട്ടികൾക്ക് തങ്ങളോടുള്ള മമത അളക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ ഐക്യത്തിന്‍റെ മറ്റൊരു സാധ്യതാവേദി കൂടിയാണ് കോൺഗ്രസിന്‍റെ ശ്രീനഗർ സമ്മേളനം. അടുത്ത മാസാവസാനം നടക്കുന്ന എ.ഐ.സി.സി സമ്മേളനം കോൺഗ്രസിന്‍റെ പുതിയ തെരഞ്ഞെടുപ്പുതന്ത്രങ്ങൾ ആവിഷ്കരിക്കും.

വിവിധ പ്രതിപക്ഷ പാർട്ടികൾ സംസ്ഥാന തലത്തിൽ വേറിട്ട മത്സരം ബി.ജെ.പിയുമായി നടത്തുന്നതിന്‍റെ സാധ്യതകളാണ് നിലനിൽക്കുന്നത്. പ്രാദേശിക കക്ഷികൾ ലോക്സഭ തെരഞ്ഞെടുപ്പിൽ കരുത്തുകാണിക്കുമെന്ന് നൊബേൽ സമ്മാനജേതാവ് അമർത്യ സെൻ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - BJP is public enemy; Opposition set ways to cope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.