പാറ്റ്ന: സംസ്ഥാനത്ത് ആസന്നമായ തെരഞ്ഞെടുപ്പിനെ ബി.ജെ.പി, ജെ.ഡി.യു, ലോക് ജനശക്തി പാർട്ടി എന്നിവർ ഒരുമിച്ച് നിതീഷ്കുമാറിന്‍റെ കീഴിൽ നേരിടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. ബിഹാർ ബി.ജെ.പി സംസ്ഥാന കാര്യസമിതിയെ വിഡിയോ കോൺഫറൻസ് വഴി അഭിമുഖീകരിക്കുകയായിരുന്നു നഡ്ഡ.
കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി നടത്തുന്ന സാമൂഹ്യ-ക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ച് സംസ്ഥാനത്തെ ജനങ്ങൾ ബോധവാന്മാരാണെന്നും നഡ്ഡ പറഞ്ഞു. 'ബി.ജെ.പി, ജെ.ഡി.യു, ലോക് ജനശക്തി പാർടി എന്നിവർ ഒരുമിച്ചു പോരാടി തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കും. അക്കാര്യത്തിൽ ബി.ജെ.പിയെ പോലെ സഖ്യ കക്ഷികൾക്കും ഒരേ താൽപര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെ.ഡി.യുമായി മുന്നണിയിലാണ് മത്സരിക്കുന്നതെങ്കിലും കൂടുതല്‍ സീറ്റുകള്‍ നേടി മുഖ്യമന്ത്രി സ്ഥാനവും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാന നേതാവ് സുശീല്‍കുമാര്‍ മോദിയുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ് ബി.ജെ.പി ആവശ്യപ്പെടും. അതേസമയം, സീറ്റ് വിഭജനം മുന്നണിക്കിടയിൽ കടുപ്പമാവാനാണ് സാധ്യത.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 42 സീറ്റിൽ മത്സരിച്ച എൽ.ജെ.പിയും ഇക്കുറി അത്രയും സീറ്റ് ആവശ്യപ്പെടുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് നേരത്തേ മുന്നണിക്കിടയിൽ അസ്വാരസ്യം ഉണ്ടായിരുന്നു. രണ്ട് സീറ്റിൽ മാത്രമായിരുന്നു അന്ന് എൽ.ജെ.പി ജയിച്ചത്. അതിനാല്‍ കൂടുതൽ സീറ്റ് നൽകുന്നത് മണ്ടത്തരമെന്നാണ് ജെ.ഡി.യു വാദം. എന്നാൽ, 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 17 സീറ്റിൽ മത്സരിച്ച ജെ.ഡി.യു രണ്ടിടത്ത് ജയിച്ചെന്ന മറുവാദമാണ് എൽ.ജെ.പി ഉയർത്തുന്നത്.
2015ലെ തെരഞ്ഞെടുപ്പില്‍ കാര്യമായ വളര്‍ച്ചയാണ് ബി.ജെ.പിക്കുണ്ടായത്. എൻ.ഡി.എ മുന്നണിയില്‍ മത്സരിച്ച ബി.ജെ.പി ഒറ്റക്ക് 54 സീറ്റുകള്‍ നേടിയിരുന്നു. വോട്ട് വിഹിതത്തില്‍ 24 ശതമാനത്തോടെ ബി.ജെ.പി ഒന്നാമതെത്തിയിരുന്നു. 81 സീറ്റ് നേടിയ ആർ.ജെ.ഡിയായിരുന്നു വലിയ ഒറ്റക്കക്ഷി. 70 സീറ്റോടെ ജെ.ഡി.യു രണ്ടാമത്തെ കക്ഷിയായി. ജെ.ഡി.യുവും ആർ.ജെ.ഡിയും അടങ്ങുന്ന മഹാസഖ്യമാണ് അന്ന് അധികാത്തിലേറിയെതെങ്കിലും പിന്നീട് സഖ്യം പിരിഞ്ഞ ജെ.ഡി.യു ബി.ജെ.പിയുമായി ചേര്‍ന്ന് ആർ.ജെ.ഡിയെ പുറത്താക്കി ഭരണം തുടരുകയായിരുന്നു.
തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ജെ.ഡി.യു മന്ത്രിയെയും, ആർ.ജെ.ഡി എം.എൽ.എമാരെയും പുറത്താക്കിയ സംഭവം രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. വ്യവസായ മന്ത്രി ശ്യാം രാജകിനെയാണ് മന്ത്രിസഭയിൽ നിന്നും ജെ.ഡി.യുവിൽ നിന്നും പുറത്താക്കിയത്. ശ്യാം രാജക് ആർ.ജെ.ഡിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു നിതീഷ് കുമാറിന്‍റെ നീക്കം. നേരത്തെ, ആർ.ജെ.ഡിയിൽ ആയിരുന്ന രാജക് 2009ലാണ് നിതീഷ് പാളയത്തിലേക്ക് വരുന്നത്. ഫറാസ് ഫാത്മി, മഹേശ്വർ പ്രസാദ് യാദവ്, പ്രേമ ചൗധരി എന്നീ എം.എൽ.എമാരെയായിരുന്നു ആർ.ജെ.ഡി പുറത്താക്കിയത്.
2015ൽ 101സീറ്റുകളിലാണ് ജെ.ഡി.യുവും ആർ.ജെ.ഡിയും മത്സരിച്ചത്. 41 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 27 സീറ്റിലാണ് വിജയിച്ചത്. 157 സീറ്റിലായിരുന്നു ബി.ജെ.പി മത്സരിച്ചിരുന്നത്.
ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് നവംബർ 29ഓടെ പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നത്. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കമീഷൻ പ്രഖ്യപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.