ബംഗളൂരു: കർണാടകയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബി.ജെ.പി സർക്കാറിെൻറ പരാജയം ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് തന്നെ രംഗത്ത്. കർണാടക നിയമ നിർമാണ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ എ.എച്ച്്. വിശ്വനാഥാണ് ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാറിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്.
കോവിഡ് രണ്ടാം ഘട്ട വ്യാപനം സംസ്ഥാനത്ത് ഫലപ്രദമായി തടയാൻ സർക്കാറിനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൈസൂരു കെ.ആർ നഗറിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കെവയാണ് വിശ്വനാഥിെൻറ വിമർശനം.
കോവിഡ് വിഷയത്തിൽ കടുത്ത വിമർശനവുമായി ബി.ജെ.പി എം.എൽ.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയുമായ എം.പി. രേണുകാചാര്യ രംഗത്ത് വന്നതിന് പിന്നാലെയാണ് വിശ്വനാഥിെൻറ വിമർശനം. സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി ഡോ.കെ. സുധാകറിെൻറ രാജി ആവശ്യപ്പെട്ടായിരുന്നു രേണുകാചാര്യയുടെ വിമർശനം. ഇതോടെ യദിയൂരപ്പ മന്ത്രിസഭയുടെ പ്രവർത്തനങ്ങൾക്കെതിരായി പാർട്ടിക്കുള്ളിൽ നിന്നുതന്നെയുള്ള വിമർശനങ്ങൾ ദിവസം ചെല്ലുന്തോറും വർധിച്ചുവരികയാണ്. പാർട്ടിക്കുള്ളിലെ അസംതൃപ്തരായ വിഭാഗത്തിെൻറ രാഷ്ട്രീയ നീക്കമായാണ് നിരീക്ഷകർ ഇതിനെ കരുതുന്നത്.
ചാമരാജ് നഗറിൽ രോഗികൾ മരിച്ചതിലെയും ഉത്തരവാദിത്തം സുധാകറിനാണെന്നും കഴിവില്ലെങ്കിൽ രാജിവെച്ച് മറ്റുള്ളവർക്ക് വഴിമാറണമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാറിനും പാർട്ടിക്കും മോശം പേര് ഉണ്ടാക്കരുതെന്നും രേണുകാചാര്യ കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയിൽ തുറന്നടിച്ചിരുന്നു.
കർണാടകയിൽ സമ്പൂർണ ലോക്ഡൗൺ വേണമെന്ന് കഴിഞ്ഞ രണ്ടു മാസമായി കോവിഡ് സാേങ്കതിക സമിതി സർക്കാറിനോട് നിർദേശിച്ചിരുന്നു. ഇത് അവഗണിച്ചതാണ് സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തെന ഉയരാൻ കാരണമെന്ന് വിശ്വനാഥ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി യെദിയൂരപ്പ ഇപ്പോൾ മേയ് 24 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പാവപ്പെട്ടവർക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കും സാമ്പത്തിക സഹായമടക്കം സർക്കാർ നൽകണെമന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രണ്ടാംതരംഗം മറികടക്കാൻ മുംബൈ മോഡൽ കർണാടക നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർച്ചയായി രണ്ടാം തവണയാണ് കർണാടകയിലെ ബി.ജെ.പി സർക്കാറിനെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി വിശ്വനാഥ് രംഗത്തുവരുന്നത്. ഉരുക്ക് വ്യവസായ രംഗത്തെ ഭീമന്മാരായ ജിൻഡാൽ ഗ്രൂപ്പിന് കർണാടകയിലെ ബെള്ളാരിയിൽ 3,666 ഏക്കർ ഭൂമി തുച്ഛവിലയ്ക്ക് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കഴിഞ്ഞയാഴ്ച അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു.
ഒരു ഏക്കറിന് 70 ലക്ഷം രൂപ കേമ്പാള വിലയുള്ള ഭൂമി ഏക്കറിന് വെറും 1.7 ലക്ഷം രൂപക്കാണ് കൈമാറുന്നതെന്നും തിടുക്കത്തിൽ കൈക്കൊണ്ട മന്ത്രിസഭ തീരുമാനം സംശയമുണർത്തുന്നതാണെന്നും അദ്ദേഹം ഉന്നയിച്ചിരുന്നു.
2019ലും ജിൻഡാലിന് ഭൂമി തുച്ഛവിലയ്ക്ക് കൈമാറാൻ നീക്കം നടന്നപ്പോൾ അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി ഇൗ നീക്കത്തെ ശക്തമായി എതിർത്തിരുന്നതായി ചൂണ്ടിക്കാട്ടിയ വിശ്വനാഥ്, പ്രസ്തുത ഇടപാട് റദ്ദാക്കാൻ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും പറഞ്ഞു.
ഇൗ വിമർശനം ചില ബി.ജെ.പി എം.എൽ.എമാരും ഏറ്റുപിടിച്ചു. ജിൻഡാൽ ഗ്രൂപ്പുമായുള്ള വിവാദ ഭൂമി ഇടപാട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എമാരായ ബസനഗൗഡ പാട്ടീൽ യത്നാൽ, അരവിന്ദ് ബല്ലാഡ്, കെ. പൂർണിമ, ജദയ് ഗരുഡാചർ തുടങ്ങിയവർ ഒപ്പിട്ട കത്ത് കഴിഞ്ഞദിവസം മുഖ്യമന്ത്രി ബി.എസ്. െയദിയൂരപ്പക്ക് കൈമാറിയിരുന്നു. കോൺഗ്രസ്-ജെ.ഡി-എസ് സഖ്യ സർക്കാറിനെ വീഴ്ത്തിയ ഒാപറേഷൻ താമരയിൽ ജെ.ഡി-എസിൽനിന്ന് ബി.ജെ.പിയിലേക്ക് ചുവടുമാറിയ നേതാവാണ് എ.എച്ച്. വിശ്വനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.