ബംഗളൂരു: കർണാടകയിൽ കഴിഞ്ഞദിവസം രാജിവെച്ച ബി.ജെ.പി എം.എൽ.സി സി.പി. യോഗേശ്വർ കോൺഗ്രസിൽ ചേർന്നു. ബുധനാഴ്ച കെ.പി.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ. ശിവകുമാർ പാർട്ടി പതാക കൈമാറി. രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും അവരുടെ വസതികളിൽ സന്ദർശിച്ച ശേഷമാണ് യോഗേശ്വർ കെ.പി.സി.സി ഓഫിസിലെത്തിയത്. ചന്നപട്ടണ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സി.പി. യോഗേശ്വറിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കുമെന്നാണ് വിവരം. യോഗേശ്വറിനെ ജെ.ഡി-എസ് ടിക്കറ്റിൽ പരിഗണിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ കേന്ദ്രമന്ത്രിയും ജെ.ഡി-എസ് കർണാടക അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബി.ജെ.പി അംഗത്വംകൂടി രാജിവെച്ച് യോഗേശ്വർ കോൺഗ്രസിലെത്തിയത്. ഇതോടെ ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിന് ചൂടേറും. ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ ബംഗളൂരു റൂറലിൽ ഉൾപ്പെടുന്നതാണ് എച്ച്.ഡി. കുമാരസ്വാമി പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമായ ചന്നപട്ടണ.
മാണ്ഡ്യയിൽനിന്ന് ലോക്സഭയിലേക്ക് കുമാരസ്വാമി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരീഭർത്താവായ ഡോ. സി.എൻ. മഞ്ജുനാഥ് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ഡി.കെ. സുരേഷിനെ അട്ടിമറിക്കുകയായിരുന്നു. എച്ച്.ഡി. കുമാരസ്വാമിയുടെ തന്ത്രമായിരുന്നു ഈ നീക്കത്തിനു പിന്നിൽ. ഈ തോൽവി ശിവകുമാറിന് രാഷ്ട്രീയപരമായി ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു. ബംഗളൂരു റൂറലിലെ തോൽവിക്കു പിന്നാലെ ചന്നപട്ടണ പിടിക്കാൻ ഡി.കെ. ശിവകുമാർ കരുനീക്കം തുടങ്ങിയതിന്റെ ഫലമാണ് സി.പി. യോഗേശ്വറിന്റെ കൂടുമാറ്റം. കുമാരസ്വാമിയുടെ മണ്ടലം പിടിച്ച് നേതൃശേഷി തെളിയിക്കാനാണ് ശിവകുമാറിന്റെ ശ്രമം. ജെ.ഡി-എസ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.