ന്യൂഡൽഹി: തീപിടിത്തവുമായി ബന്ധപ്പെട്ട 318 കോളുകളാണ് ഡൽഹിയിലെ അഗ്നിരക്ഷാസേനക്ക് ദീപാവലി ദിനത്തിൽ ലഭിച്ചത്. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന എണ്ണമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദീപാവലിയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ തീപിടുത്തവും അടിയന്തര സംഭവങ്ങളും ഈ കണക്ക് അടയാളപ്പെടുത്തുന്നുവെന്ന് ഡി.എഫ്.എസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. നഗരത്തിലുടനീളം എല്ലാ അഗ്നിശമന യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ട് ഏതു സാഹചര്യവും നേരിടാൻ ഞങ്ങൾ പൂർണമായും തയ്യാറായിരുന്നു. എല്ലാ ലീവുകളും റദ്ദാക്കി എല്ലാവരെയും സഹായിക്കാൻ ഞങ്ങൾ ഒരുങ്ങി -ഗാർഗ് പറഞ്ഞു.
തീപിടിത്തവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 78 കോളുകളെങ്കിലും വൈകുന്നേരം 4 മുതൽ രാത്രി 9 വരെ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഒക്ടോബർ 31ന് വൈകുന്നേരം 5നും നവംബർ 1ന് പുലർച്ചെ 5നും ഇടയിലാണ് ഏറ്റവും കൂടുതൽ കോളുകൾ ലഭിച്ചത്. പടക്കങ്ങളുടെ വ്യാപകമായ ഉപയോഗമാണ് ഇതിന് കാരണമെന്ന് അധികൃതർ പറയുന്നു. രാത്രി മുഴുവനും തുടർച്ചയായി പടക്കം പൊട്ടിച്ചത് ഡൽഹിയെ നിബിഡമായ പുകയിൽ മൂടി. കടുത്ത ശബ്ദമലിനീകരണം ഉണ്ടാക്കുകയും കാഴ്ചക്ക് മങ്ങലേൽപിക്കുകയും ചെയ്തു.
മലിനീകരണത്തിലെ കുതിച്ചുചാട്ടത്തെ ചെറുക്കാൻ ഡൽഹി സർക്കാർ തുടർച്ചയായ അഞ്ചാം വർഷവും പടക്കങ്ങൾക്ക് സമഗ്രമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. അവയുടെ നിർമാണം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവ നിരോധിച്ചു. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് 377 എൻഫോഴ്‌സ്‌മെന്‍റ് ടീമുകളെ അണിനിരത്തി. റസിഡന്‍റ് അസോസിയേഷനുകൾ, മാർക്കറ്റ് കമ്മറ്റികൾ, സാമൂഹ്യ സംഘടനകൾ എന്നിവയുമായി ചേർന്ന് പ്രവർത്തിച്ചു. സർക്കാർ ഉത്തരവുകൾ ലംഘിച്ചാൽ ഭാരതീയ ന്യായ സൻഹിതയുടെ വകുപ്പുകൾ പ്രകാരം നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. എന്നിട്ടും ജനങ്ങൾ നിയന്ത്രണം പാലിച്ചില്ലെന്നാണ് അഗ്നിരക്ഷാസേനക്ക് ലഭിച്ച കോളുകളുടെ എണ്ണം സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.