ബിബേക് ദേബ്‌റോയ്‌

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദേബ്‌റോയ്‌ അന്തരിച്ചു

ന്യൂഡൽഹി: സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായ ബിബേക് ദേബ്‌റോയ്‌ (69) അന്തരിച്ചു. പത്മശ്രീ പുരസ്‌കാര ജേതാവായ ബിബേക് പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സിന്‍റെ (ജി.പി.ഇ) ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതല്‍ 2019 ജൂണ്‍ വരെ നീതി ആയോഗില്‍ അംഗമായിരുന്നു. ബിബേക് ദേബ്‌റോയിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

'ഡോ. ബിബേക് ദേബ്‌റോയിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം ഒരു വിശിഷ്ട സാമ്പത്തിക ശാസ്ത്രജ്ഞനും മികച്ച എഴുത്തുകാരനും അതുപോലെ തന്നെ മികച്ച അക്കാദമിക് വിദഗ്ധനുമായിരുന്നു. സാമ്പത്തിക വിഷയങ്ങളിലെ നയപരമായ മാർഗനിർദേശത്തിനും ഇന്ത്യയുടെ വികസനത്തിന് ശ്രദ്ധേയമായ സംഭാവനകൾക്കും അദ്ദേഹം പ്രശംസിക്കപ്പെടുമെന്ന്'- കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

മേഘാലയയിലെ ഷില്ലോങ്ങില്‍ 1955 ജനുവരി 25 ന് ഒരു ബംഗാളി ഹിന്ദു കുടുംബത്തിലാണ് ദിബ്രോയ് ജനിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി കോളജിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലുമായിരുന്നു ഉപരിപഠനം. പിന്നീട് ഗവേഷണത്തിനായി ട്രിനിറ്റി കോളേജ് സ്‌കോളര്‍ഷിപ്പില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലേക്ക് പോയി.

സാമ്പത്തിക നയത്തിനും സംസ്‌കൃത ഗ്രന്ഥങ്ങൾക്കും നൽകിയ സംഭാവനകൾക്ക് പേരുകേട്ട ബിബേക് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും പണ്ഡിതനുമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സാഹിത്യ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് 2015ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. വരുമാനവും സാമൂഹിക അസമത്വവും, ദാരിദ്ര്യം, നിയമ പരിഷ്‌കരണങ്ങള്‍, റെയില്‍വേ പരിഷ്‌കരണങ്ങള്‍, ഇന്‍ഡോളജി എന്നിവയില്‍ ബിബേക് ദേബ്‌റോയ്‌യുടെ സംഭാവനകൾ വലുതാണ്. 

Tags:    
News Summary - Prime Minister's Economic Advisory Committee Chairman Bibek Debroy passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.