മഹാരാഷ്ട്രയിൽ ഇരുസഖ്യങ്ങൾക്കും തിരിച്ചടിയായി വിമതർ; ഏറ്റവും കൂടുതൽ ബി.ജെ.പിയിൽ

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചിരിക്കെ, മഹാ വികാസ് അഘാഡിയും(എം.വി.എ), മഹായുതി സഖ്യവും  വിമത സ്ഥാനാർഥികളിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്നു. ഔദ്യോഗിക സ്ഥാനാർഥികളുടെ വിജയസാധ്യത തകിടം മറിക്കാൻ കഴിവുള്ളവരാണ് വിമതരായി നിൽക്കുന്നത്. അതിനാൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ നവംബർ നാലിന് മുമ്പ് വിമതരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരുസഖ്യങ്ങളും.

50 വിമത സ്ഥാനാർഥികളാണ് നിലവിൽ മത്സരിക്കാൻ പത്രിക നൽകിയിരിക്കുന്നത്. അതിൽ 36 എണ്ണവും മഹായുതി സ്ഥാനാർഥികൾക്ക് എതിരായാണ്. അവശേഷിക്കുന്ന വിമതർ പ്രതിപക്ഷത്തിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതൽ വിമതരുള്ളത് ബി.ജെ.പിയിൽ നിന്നാണ്; 19 പേർ. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് പലരും വിമതരായി മത്സരിക്കാൻ ഇറങ്ങിത്തിരിച്ചത്.

ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസനേയിൽ നിന്ന് 16 പേർ വിമതരായുണ്ട്. അജിത് കുമാറിന്റെ എൻ.സി.പിയിൽ നിന്ന് ഒരാൾ മാത്രമേ വിമതനായി മത്സരിക്കുന്നുള്ളൂ. എം.വി.എ സഖ്യത്തിൽ ഏറ്റവും കൂടുതൽ വിമതരുള്ളത് കോൺഗ്രസിലാണ്; 10 പേർ. കുർല, സൗത്ത് സോലാപൂർ, പറാണ്ട, സംഗോള, പന്ധാർപൂർ എന്നീ മണ്ഡലങ്ങളിയാണ് വിമതർ എം.വി.എക്ക് വെല്ലുവിളിയുയർത്തുന്നത്.

സഖ്യത്തിനുള്ളിലെ കലഹം പരമാവധി കുറയ്ക്കണമെന്നും അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകുമെന്നും കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏക്നാഥ് ഷിൻഡെക്കും അജിത് പവാറിനും ദേവേന്ദ്ര ഫഡ്നാവിസിനും മുന്നറിയിപ്പ്നൽകിയിരുന്നു. വിമതരുടെ പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു അതിന് ഫഡ്നാവിസ് മറുപടി നൽകിയത്.

ബി.ജെ.പി സ്ഥാനാർഥികളെ നിർത്തിയ ഒമ്പത് മണ്ഡലങ്ങളിലാണ് ഷിൻഡെയുടെ ശിവസേനയിലെ വിമതർ മത്സരിക്കാൻ പത്രിക നൽകിയിട്ടുള്ളത്. മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയുടെ ഭാര്യയും മകളും വരെ പത്രികനൽകിയിട്ടുണ്ട്.

ശിവസേന സ്ഥാനാർഥികളെ നിർത്തിയ മണ്ഡലങ്ങളിൽ ബി.ജെ.പി വിമതരുമുണ്ട്. അതുപോലെ എൻ.സി.പിക്കെതിരെയും ബി.ജെ.പി വിമതർ പത്രിക നൽകിയിട്ടുണ്ട്. അജിത് പവാറിന്റെ എൻ.സി.പിക്ക് ഏഴു സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.

Tags:    
News Summary - Mahayuti, MVA’s rebellion woes: BJP worst hit, parties race against time to get rebels to stand down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.