രേവണ്ണക്കെതിരെ പരാതി നൽകിയ ബി.ജെ.പി നേതാവ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ

ബംഗളൂരു: പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമക്കേസ് ആദ്യമായി പുറത്തുകൊണ്ടുവന്ന ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ (49) മറ്റൊരു ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിൽ. സ്ഥലം വിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരായ പരാതി.

യുവതിയും ഭർത്താവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലൈംഗികാതിക്രമത്തിനും എസ്.സി-എസ്.ടി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യത്തിനും കേസെടുത്തത്. 10 മാസത്തോളം തന്നെ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ബി.ജെ.പി-ജെ.ഡി.എസുമായി സഖ്യത്തിലേർപ്പെടുന്നതിന് മുമ്പ് 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഹോള നർസിപൂരിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു അഭിഭാഷകനായ ദേവരാജ ഗൗഡ. പ്രജ്വൽ രേവണ്ണയുടെ പിതാവും മുൻ മന്ത്രിയുമായ ജെ.ഡി.എസ് നേതാവ് എച്ച്.ഡി. രേവണ്ണയായിരുന്നു എതിരാളി. തെരഞ്ഞെടുപ്പിൽ രേവണ്ണ ജയിച്ചു. രേവണ്ണയുടെ കുടുംബവുമായി കടുത്ത വൈരത്തിലായിരുന്നു ദേവരാജ ഗൗഡ. പലപ്പോഴും രേവണ്ണക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഇയാൾ വാർത്താസമ്മേളനം നടത്തിയിരുന്നു.

പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട വിഡിയോകളും ഫോട്ടോകളും തൻ്റെ കൈവശമുണ്ടെന്നും അദ്ദേഹം നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. പ്രജ്വൽ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാരോപിച്ച് ബി.ജെ.പി നേതൃത്വത്തിന് കത്തെഴുതിയതും ഗൗഡയായിരുന്നു. തുടർന്ന് പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ദേവരാജ ഗൗഡയോട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തിയപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പ്രജ്വൽ രേവണ്ണക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് വിവാദമായതിനു ശേഷം ദേവരാജ ഗൗഡ കോൺഗ്രസിനെതിരെ തിരിഞ്ഞിരുന്നു. വിവാദത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും മുദ്രകുത്താനും തെളിവുകളില്ലാതാക്കി അന്വേഷണത്തെ ഊതിവീർപ്പിക്കാനുമാണ് കർണാടക സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം.

Tags:    
News Summary - BJP leader Devaraje Gowda, arrested in sexual assault case, remanded in judicial custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.