മുംബൈ: തെരഞ്ഞെടുപ്പ് സമയത്ത് പൊതുവെ രാഷ്ട്രീയനേതക്കളെല്ലാം സൗമ്യമായാണ് പ്രവർത്തകരോട് ഇടപെടാറുള്ളത്. എന്നാൽ, ഇതിൽ നിന്നും വിഭിന്നമായ ഒരു സംഭവമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ഉണ്ടായത്. ഫോട്ടോയെടുക്കുന്നതിനിടെ അടുത്തേക്ക് വന്ന പ്രവർത്തകനെ ബി.ജെ.പി നേതാവ് തൊഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ റാവുസാഹേബാണ് പ്രവർത്തകനെ തൊഴിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വലിയ വിവാദവും ഉണ്ടായി. മഹാരാഷ്ട്രയിലെ ജൽനയിലാണ് സംഭവം. ശിവസേന ഷിൻഡെ വിഭാഗം സ്ഥാനാർഥി അർജുൻ ഖോത്കറിനൊപ്പം ഫോട്ടോയെടുക്കുന്നതിനിടെ പാർട്ടി പ്രവർത്തകൻ നേതാവിന് അടുത്തേക്ക് എത്തുകയായിരുന്നു. പിന്നീട് ഇയാളെ ബി.ജെ.പി നേതാവ് തൊഴിച്ച് മാറ്റുകയായിരുന്നു.
ബി.ജെ.പി നേതാവിന്റെ പ്രവർത്തിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അധികാരത്തിലെത്തിയാലും ഇവർ ഇതേ രീതിയിൽ തന്നെയാവും സാധാരണക്കാരെ തൊഴിച്ചു മാറ്റുകയെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളിലൊന്ന്.
ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരെ ഒരുപാട് വേദനിപ്പിച്ച സംഭവമാണ് ഡാൻവെയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. മഹായുതി സഖ്യം തെരഞ്ഞെടുപ്പിന് ശേഷം ഇതേ അഹങ്കാരമാണ് പിന്തുടരുകയെന്നും സമൂഹമാധ്യമങ്ങളിൽ കമന്റുകൾ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.