ഹിജാബിട്ട പെണ്‍കുട്ടികളെ തീവ്രവാദികളെന്ന് വിളിച്ച യശ്പാല്‍ സുവര്‍ണക്ക് സീറ്റ് നൽകി ബി.ജെ.പി

ബംഗളൂരു: ഹിജാബ് ധരിച്ച വിദ്യാർഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച യശ്പാൽ സുവർണക്ക് ബി.ജെ.പിയുടെ പ്രത്യുപകാരം. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി സീറ്റ് നൽകിയാണ് യശ്പാലിനോടുള്ള ‘കടപ്പാട്’ ബി.ജെ.പി പ്രകടിപ്പിച്ചത്.

ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലാണ് വലിയ പ്രതിഷേധങ്ങൾ നടന്നത്. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമിട്ട സിറ്റിങ് എം.എൽ.എ രഘുപതി ഭട്ടിനെ ഒഴിവാക്കിയാണ് സുവർണക്ക് ബി.ജെ.പി അവസരം നൽകിയത്. പാർട്ടി നടപടിക്കെതിരെ വലിയ വിമർശനമാണ് രഘുപതി ഭട്ട് ഉന്നയിച്ചത്.

ഹിജാബ് വിവാദത്തിന്‍റെ പ്രഭവകേന്ദ്രമായ ഉഡുപ്പി ഗവ. പി.യു ഗേൾസ് കോളജിലെ ഡെവലപ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റാണ് ബി.ജെ.പിയിലെ പുതുമുഖ സ്ഥാനാർഥികളിലൊരാളായ യശ്പാൽ. ഫ്രാൻസിന് മുമ്പ് ഹിജാബും ഹലാലും നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായിരിക്കും ഇന്ത്യയെന്ന യശ്പാലിന്‍റെ പരാമർശം ഏറെ വിവാദമായിരുന്നു.

ഹിജാബ് വിഷയത്തിൽ ദക്ഷിണ കന്നഡ മേഖലയിൽ അശാന്തി സൃഷ്ടിച്ചത് നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് സുവർണ പറഞ്ഞിരുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ല കോഓപറേറ്റീവ് ഫിഷ് മാർക്കറ്റിങ് ഫെഡറേഷന്‍റെ പ്രസിഡന്‍റ് കൂടിയാണ് യശ്പാൽ. എ.ബി.വി.പിയിലും ബജ്റങ്ദള്ളിലും സജീവമായിരുന്നു.

Tags:    
News Summary - BJP leader who called hijabi students ‘terrorists’ gets ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.