മധ്യപ്രദേശിൽ വൻ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടന പത്രിക; 450 രൂപക്ക് പാചക വാതക സിലിണ്ടർ

ഭോപാൽ: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. സംസ്ഥാനത്തെ ക്ഷേമ പദ്ധതിയായ ‘ലാഡ്‌ലി ബഹ്‌ന’യുടെ ഗുണഭോക്താക്കൾക്കും പ്രധാനമന്ത്രി ഉജ്ജ്വല ഗുണഭോക്താക്കൾക്കും 450 രൂപക്ക് പാചക വാതക സിലിണ്ടർ നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനം.

എല്ലാ കുടുംബത്തിലെയും ഒരു അംഗത്തിനെങ്കിലും ജോലി അല്ലെങ്കിൽ സ്വയം തൊഴിലിനുള്ള അവസരം. ഗോതമ്പ് ക്വിന്റലിന് കുറഞ്ഞ താങ്ങുവിലയായി 2,700 രൂപയും നെല്ലിന് 3,100 രൂപയും. ‘ലാഡ്‌ലി ബഹ്‌ന’ ഗുണഭോക്താക്കൾക്ക് വീടും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, ദരിദ്രരായ വിദ്യാർഥികൾക്ക് 12ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് മറ്റ് ആകർഷണങ്ങൾ. 96 പേജുള്ള ‘സങ്കൽപ് പത്ര’(ദർശന രേഖ) ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് പുറത്തിറക്കിയത്. സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ, മുഖ്യമന്ത്രി ശിവരാജ് സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മധ്യപ്രദേശിന്റെ വികസനത്തിനുള്ള മാർഗരേഖയായി പ്രകടനപത്രിക മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കി ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. പാർട്ടി അധികാരം നിലനിർത്തിയാൽ ഐ.ഐ.ടി, എയിംസ് മാതൃകയിൽ ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും. ആറ് പുതിയ എക്‌സ്പ്രസ് വേകളും ആദിവാസി വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നും ശിവരാജ് സിങ് പറഞ്ഞു.

Tags:    
News Summary - BJP manifesto with big promises in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.