മുംബൈ: മറാത്തികൾക്കെതിരെ പാർട്ടി എം.എൽ.എയുടെ വിവാദ പ്രസ്താവന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. ജൽന ജില്ലയിലെ പർതുർ സീറ്റിലെ സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ ബബൻറാവു ലോനികർ ആണ് വിവാദ പ്രസ്താവന നടത്തിയത്. മറാത്തികളുടെ ശക്തി വിരലിലെണ്ണാവുന്നത് മാത്രമെന്നായിരുന്നു മണ്ഡലത്തിലെ അശ്തി ഗ്രാമത്തിൽ ചൊവ്വാഴ്ച പ്രസംഗിക്കവെ അദ്ദേഹത്തിന്റെ പരാമർശം.
ഇത്തരം പ്രസ്താവനകൾക്ക് മറാത്തികൾ തെരഞ്ഞെടുപ്പിൽ മറുപടിനൽകുമെന്ന് മറാത്തി സംവരണ സമരനായകൻ മനോജ് ജാരൻഗെ പാട്ടീൽ പറഞ്ഞു.
ഏത് പാർട്ടിയിലായാലും വോട്ട് രേഖപ്പെടുത്തുമ്പോൾ മറാത്തികൾ സ്വന്തം സമുദായത്തിന്റെ അസ്തിത്വം ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പർതുർ മണ്ഡലത്തിലെ വോട്ടർമാരിൽ 32 ശതമാനം മറാത്തികളാണ്. മറാത്തികൾ മഹാ വികാസ് അഘാഡിയിലെ (എം.വി.എ) ഉദ്ധവ് പക്ഷ ശിവസേന സ്ഥാനാർഥി എ.ജെ. ബൊറാഡെയെ പിന്തുണക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
മുൻ കോൺഗ്രസ് എം.എൽ.എ സുരേഷ്കുമാർ ജെത്ലിയ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.
ബബൻ റാവു ലോനികറുടെ പ്രസ്താവനയോടുള്ള മറാത്തികളുടെ രോഷം പർതുറിൽ മാത്രം ഒതുങ്ങുകയില്ല.
മറ്റിടങ്ങളിലും പ്രതിഫലിക്കുമെന്ന് ബി.ജെ.പി ഭയക്കുന്നു. പരസ്യമായി മറാത്തി സംവരണത്തിന് എതിരുനിന്ന അജിത് പക്ഷ നേതാവ് ഛഗൻഭുജ്ബൽ അടക്കമുള്ള നേതാക്കളെ തോൽപിക്കാൻ മറാത്തികൾ പരസ്യ നിലപാടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.