പ്രളയ ദുരിതത്തിനിടെ ഹോട്ടലിൽനിന്ന് മസാല ദോശ കഴിച്ച് ബി.ജെ.പി എം.പിയുടെ 'റിവ്യൂ'; 10 ദോശകൾ അയച്ച് കോൺഗ്രസ് പ്രതിഷേധം

സ്വന്തം മണ്ഡലം പ്രളയത്തിൽ മുങ്ങിനിൽക്കുമ്പോൾ ഹോട്ടലിൽനിന്ന് മസാല ദോശ കഴിച്ച് അതിനെ വർണിക്കുന്ന വിഡിയോ പങ്കുവെച്ച ബി.ജെ.പി എം.പി തേജസ്വി സൂര്യക്ക് ബംഗളൂരുവിലെ പ്രമുഖ ഹോട്ടലുകളിൽനിന്ന് 10 വ്യത്യസ്ത ദോശകൾ അയച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. 40 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ, യുവമോർച്ച ദേശീയ അധ്യക്ഷൻ കൂടിയായ എം.പി പത്മനാഭനഗറിലെ ഒരു ഭക്ഷണശാലയിൽനിന്ന് ബട്ടർ മസാല ദോശയും ഉപ്പുമാവും കഴിക്കുന്നതും അതിന്റെ ഗുണനിലവാരത്തെയും രുചിയെയും പ്രശംസിക്കുന്നതുമാണുള്ളത്. അവിടെ വന്ന് ഭക്ഷണം ആസ്വദിക്കാൻ ആളുകളോട് ശിപാർശ ചെയ്യുന്നുമുണ്ട്.

ബംഗളൂരു നഗരം വെള്ളപ്പൊക്കത്തിൽ മുങ്ങുമ്പോൾ മസാല ദോശ അവലോകനം ചെയ്തതിന് ബംഗളൂരു സൗത്ത് എം.പിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നിരുന്നു. കോൺഗ്രസ് വക്താവ് ലാവണ്യ ബല്ലാൾ എം.പിയുടെ വിഡിയോ പങ്കുവെക്കുകയും സെപ്റ്റംബർ അഞ്ചിന് നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങിയ സമയത്താണ് വിഡിയോ ചിത്രീകരിച്ചതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിരവധി ട്രോളുകയും എം.പിക്കെതിരെ പ്രത്യക്ഷപ്പെട്ടു.

എന്നാൽ, ഒരു ദിവസം കഴിഞ്ഞിട്ടും തനിക്ക് ദോശ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് എം.പി രംഗത്തുവന്നു. തനിക്ക് ഇതുവരെ മസാല ദോശയുടെ പാഴ്സൽ ലഭിച്ചിട്ടില്ലെന്നും പാർട്ടി ഇവിടെയും അഴിമതി നടത്തിയെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.

"കോൺഗ്രസ് ഇന്നലെ എന്റെ വീട്ടിലേക്ക് മസാല ദോശ പാഴ്സൽ അയച്ചതായി പ്രഖ്യാപിച്ചു. 24 മണിക്കൂറിലേറെയായിട്ടും എനിക്ക് അത് ലഭിച്ചിട്ടില്ല. അവർ ഇവിടെയും അഴിമതി നടത്തി. ഒരു ദോശ ശരിയായി വിതരണം ചെയ്യാൻ കഴിയില്ല, അവർ നല്ല ഭരണം നൽകുമെന്ന് സ്വപ്നം കാണുന്നു!'' ട്വിറ്ററിൽ അദ്ദേഹം കുറിച്ചു.

Tags:    
News Summary - BJP MP's 'review' after eating masala dosa during floods; Congress protest by sending 10 Dosas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.