ന്യൂഡൽഹി: തന്നെ പിന്തുണക്കാൻ സർക്കാറോ പ്രതിപക്ഷമോ സിനിമ പ്രവർത്തകരോ ഇല്ലെന്നും എനിക്ക് ഞാൻ മാത്രമേയുള്ളൂ എന്ന തോന്നലാണ് ഇപ്പോഴുള്ളതെന്നും നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. കങ്കണയുടെ സംവിധാനത്തിൽ അവർ തന്നെ നായികയായി ചിത്രീകരണം പൂർത്തിയാക്കിയ ‘എമർജൻസി’ എന്ന ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കാത്തതിലും പിന്തുണ ലഭിക്കാത്തതിലുമുള്ള നിരാശ പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു അവർ. ലോകത്തിലെ ഏറ്റവും ഏകാന്തമായ കോണിലാണ് ഉള്ളതെന്ന വികാരമാണ് ഇപ്പോഴെന്നും അവർ കൂട്ടിച്ചേർത്തു.
‘മുമ്പും ഇത് സംഭവിച്ചിട്ടുണ്ട്. പദ്മാവത്, ഉഡ്താ പഞ്ചാബ് തുടങ്ങിയ സിനിമകൾക്കെതിരെ പ്രതിഷേധം ഉണ്ടായിട്ടും വളരെ സുഗമമായി പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ, എന്റെ സിനിമയുടെ റിലീസിങ്ങ് വന്നപ്പോൾ ആരുമില്ല, പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിയിൽനിന്ന് ആരും എന്നെ പിന്തുണച്ചില്ല. സിനിമാലോകം പോലും എനിക്കൊപ്പമില്ല. തീർച്ചയായും എനിക്ക് ഞാൻ മാത്രമേയുള്ളൂവെന്ന് തോന്നുന്നു. ഇത്തരം വികാരങ്ങൾ, ഇടുങ്ങിയ ചിന്താഗതികൾ എന്നിവ കാണുമ്പോൾ, ആളുകളിൽനിന്ന് എന്ത് പ്രതീക്ഷയാണ് എനിക്ക് അവശേഷിക്കുക?. ഞാൻ സ്വയം പണമിറക്കിയ ചിത്രം റിലീസ് ചെയ്യാത്തത് സിനിമാലോകം ആഘോഷിക്കുകയാണ്. ഞാൻ ലോകത്തിലെ ഏറ്റവും ഏകാന്തമായ കോണിലാണ്’ -കങ്കണ പറഞ്ഞു.
അടിയന്തരവാസ്ഥ പ്രമേയമാക്കിയുള്ള ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. സെപ്റ്റംബർ ആറിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, ഒരു സിഖ് വിഭാഗത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് റിലീസിങ് അനുമതി പിൻവലിക്കുകയായിരുന്നു. സഹസംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ വരുൺ ഗ്രോവർ മാത്രമാണ് നടപടിക്കെതിരെ സിനിമ മേഖലയിൽനിന്ന് പരസ്യമായി രംഗത്തെത്തിയത്.
2016ൽ ഷാഹിദ് കപൂർ, ആലിയ ഭട്ട്, കരീന കപൂർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ അഭിഷേക് ചൗബേയുടെ ഉഡ്താ പഞ്ചാബ് എന്ന സിനിമക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. സംസ്ഥാനത്തെ മയക്കുമരുന്ന് വിപത്തിനെ ആസ്പദമാക്കിയുള്ള ചിത്രം പഞ്ചാബിനെ മോശമായി ചിത്രീകരിച്ചെന്നായിരുന്നു ആരോപണം.
2018ൽ സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ദീപിക പദുക്കോൺ, രൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘പത്മാവത്’ സിനിമക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ചരിത്ര വസ്തുതകളെ വളച്ചൊടിച്ചെന്ന് ആരോപിച്ച് ശ്രീ രാജ്പുത് കർണിസേനയാണ് ഭീഷണിയുമായി എത്തിയത്. സിനിമയുടെ റിലീസ് നീട്ടിയെങ്കിലും പുറത്തിറങ്ങിയപ്പോൾ വമ്പൻ ഹിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.