മുംബൈ: നഗരത്തിലെ ഉദ്യാനത്തിന് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്‍റെ പേരിടാനുള്ള ബ്രിഹാൻ മുംബൈ മുനിസിപൽ കോർപറേഷന്‍റെ നീക്കത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. ഹിന്ദുക്കളെ ബലമായി മതംമാറ്റിയ ടിപ്പു സുൽത്താന്‍റെ പേരിടുന്നതിന് പകരം മൗലാന ആസാദിന്‍റെയോ അല്ലെങ്കിൽ 1965 ഇന്ത്യ-പാകിസ്താൻ യുദ്ധ നായകൻ ഹവീൽദാർ അബ്ദുൽ ഹമീദിന്‍റെയോ പേരിടണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്.
പൂന്തോട്ടത്തിന് മുസ്ലിമിന്റെ പേരിടുന്നതിന് പാർട്ടി എതിരല്ലെന്ന് ഗാർഡൻ ആന്‍ഡ് മാർക്കറ്റ് കമ്മിറ്റിക്ക് അയച്ച കത്തിൽ ബി.ജെ.പി നേതാവ് ബാലചന്ദ്ര ഷിർദാത് പറഞ്ഞു. തന്‍റെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ടിപ്പുവിന് അതിനുള്ള യോഗ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
'നൂറുകണക്കിന് ഹിന്ദുക്കളെ തൂക്കിക്കൊല്ലുകയും ആയിരക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ഹിന്ദുക്കളെ മതംമാറ്റുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത അത്തരമൊരു ഭരണാധികാരിയുടെ പേര് ഒരു ഉദ്യാനത്തിന് എങ്ങനെ നൽകാനാകും? ഞങ്ങളുടെ പാർട്ടി അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കാതെ ശിവസേന ഈ നിർദ്ദേശത്തിന് പരോക്ഷമായി പിന്തുണ നൽകി' -ഷിർസാത് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വിഷയം ഉയർത്തിപ്പിടിച്ച് ബി.ജെ.പി നേതാക്കൾ വ്യാഴാഴ്ച മുംബൈ മേയർ കിഷോരി പെഡ്നേക്കറെ സന്ദർശിച്ചു. പേരിടുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് മേയർ പറഞ്ഞു. അടുത്തിടെ ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ പ്രോടത്തൂരിൽ ടിപ്പുവിന്‍റെ പ്രതിമ സ്ഥാപിക്കാനുള്ള നിർദേശത്തെ ബി.ജെ.പി എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.