ഭട്കൽ നഗരസഭ കെട്ടിടത്തിലെ ബോർഡ്

ഭട്കൽ നഗരസഭ കെട്ടിടം ബോർഡിൽ ഉർദു; കലാപം ഉയർത്തി ബി.ജെ.പി എം.എൽ.എ

മംഗളൂരു: ഭട്കൽ നഗരസഭ കെട്ടിടം ബോർഡിൽ ഉർദുവും ഉൾപ്പെടുത്തിയതിനെതിരെ ബി.ജെ.പി നേതാവായ മണ്ഡലം എം.എൽ.എ സുനിൽ നായ്കിന്‍റെ നേതൃത്വത്തിൽ വൻ പ്രതിഷേധം. ടൗൺ മുനിസിപ്പൽ കൗൺസിൽ എന്ന് കന്നടയിലും ഇംഗ്ലീഷിലും എഴുതിയതിന് താഴെയാണ് ഉർദുവിലും എഴുതിയത്. ഇതിനെതിരെ സംഘ്പരിവാർ സംഘടനകളെ അണിനിരത്തി ടൗൺഹാളിന് മുന്നിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കാൻ നിർദേശം നൽകിയ എം.എൽ.എ, രണ്ടു ദിവസത്തിനകം ഉർദു എഴുത്ത് മാറ്റിയില്ലെങ്കിൽ താൻ നേരിട്ട് പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഭീഷണി മുഴക്കി. അതേസമയം, മൂന്നാമതൊരു ഭാഷ അനുവദനീയമാണെന്ന് നഗരസഭ പ്രസിഡന്‍റ് പർവേസ് കാശിംജി പറഞ്ഞു.

എം.എൽ.എയുടെ ഭീഷണിക്ക് വഴങ്ങി ഉർദു നീക്കം ചെയ്യാൻ നഗരസഭ സെക്രട്ടറി സുരേഷ് സന്നദ്ധമായതോടെ ഭട്കൽ മുസ്‌ലിം യൂത്ത് ഫെഡറേഷൻ, മജ്ലിസെ ഇസ്ലാഹ് തൻസീം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഉർദുവിന് വേണ്ടിയും ശബ്ദമുയർന്നു.

ഉർദു ഭാഷക്കാർ ഏറെയുള്ള ഭട്കലിൽ അനിവാര്യത ബോധ്യപ്പെട്ടാണ് ബോർഡിൽ ഉൾപ്പെടുത്തിയതെന്ന് നഗരസഭ പ്രസിഡന്‍റ് പർവേസ് കാശിംജി വ്യക്തമാക്കി. മൂന്നാം ഭാഷ ഉപയോഗം അനുവദനീയമാണ്. കലബുറുഗി നഗരസഭ കന്നടക്കും ഇംഗ്ലീഷിനും പുറമെ ഉർദു ഉപയോഗിച്ചതായി കാണാം. ആളുകൾക്ക് മനസ്സിലാവാനാണ് ബോർഡുകൾ. ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ നീക്കം ചെയ്യില്ല. വെള്ളിയാഴ്ച ഈ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. ഉർദു നിലനിർത്താൻ ആവശ്യപ്പെടുന്ന പ്രമേയം യോഗം പാസ്സാക്കി ഉത്തര കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ മുല്ലയ് മുഹിലന് അയക്കും. അദ്ദേഹമാണ് തീരുമാനം എടുക്കേണ്ടത്. നിയമത്തിന്‍റെ വഴിയിലൂടെ നീങ്ങുമെന്നും പ്രസിഡന്‍റ് അറിയിച്ചു.

നഗരസഭ കെട്ടിടം നവീകരണം നടത്തിയതിനെത്തുടർന്നാണ് പുതിയ ബോർഡ് സ്ഥാപിച്ചത്.

Tags:    
News Summary - BJP protest over Urdu board in Bhatkal Municipal Corporation Building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.