ആന്ധ്രയിലെ ജിന്ന ടവർ പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം; നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തു

അമരാവതി: ആന്ധ്രപ്രദേശിൽ ഗുണ്ടൂരിലെ ജിന്ന ടവറിന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ടവർ സെന്‍ററിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബി.ജെ.പി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ ഉൾപ്പടെ നിരവധി നേതാക്കൾ ഇതിൽ ഉൾപ്പെടുന്നു.

ജിന്ന ടവർ എ.പി.ജെ അബ്ദുൽ കലാം ടവറെന്ന് പുനർനാമകരണം ചെയ്യണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടിയുടെ യുവജന വിഭാഗമായ ബി.ജെ.വൈ.എമ്മിന്റെ യോഗത്തിന് ശേഷം ബി.ജെ.പി നേതാക്കളും പ്രവർത്തകരും ചേർന്ന് ജിന്ന ടവറിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബി.ജെ.പിയും മറ്റ് ഹൈന്ദവ സംഘടനകളും ചേർന്ന് ചരിത്ര പ്രസിദ്ധമായ ജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യം ഉയർത്തുന്നുണ്ടായിരുന്നു. എന്നാൽ അവരുടെ ആവശ്യം അംഗീകരിക്കാൻ ആന്ധ്രയിലെ ജഗൻ മോഹൻ റെഡ്ഡി സർക്കാർ തയാറായിരുന്നില്ല.

ബി.ജെ.പിയുടെ രാജ്യസഭാംഗം ജി.വി.എൽ നരസിംഹ റാവു നേതാക്കൾക്കെതിരായ പൊലീസ് നടപടിയെ അപലപിച്ചു. നമ്മൾ ആന്ധ്രയിലാണോ അതോ പാകിസ്താനിലാണോ ജീവിക്കുന്നതെന്ന് അദ്ദേഹം തന്‍റെ ട്വീറ്റിലൂടെ ചോദിച്ചു.

ടവറിന്‍റെ പേര് മാറ്റണമെന്ന ആവശ്യം പാർട്ടിയുടെത് മാത്രമല്ലന്നും സംസ്ഥാനത്തെ ജനങ്ങളുടെത് കൂടിയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സോമു വീരരാജു പറഞ്ഞു. ജിന്നയുടെ പേര് ഒഴിവാക്കി ടവറിന് അബ്ദുൽ കലാമിന്റെ പേര് നൽകണമെന്ന ആവശ്യത്തിന് സംസ്ഥാനത്ത് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. തങ്ങളുടെ ആവശ്യത്തെ അടിച്ചമർത്തുന്ന നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും വീരരാജു കൂട്ടിച്ചേർത്തു.

Tags:    
News Summary - BJP Protests For Renaming Tower In Andhra, Several Leaders Detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.