മുബൈ: ശിവസേനയിലെ പിളർപ്പിന് കാരണം ബി.ജെ.പിയെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെടുകയാണെന്നും ഭരണഘടനക്കും നിയമത്തിനും സുപ്രീം കോടതിക്കും എതിരായാണ് ബി.ജെ.പി സർക്കാർ ഭരിക്കുന്നതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
"ഇവിടെ എന്താണ് ജനാധിപത്യത്തിന്റെ അവസ്ഥ? ജനാധിപത്യം കൊലചെയ്യപ്പെടുന്നു. ഭരണഘടനക്കും നിയമത്തിനും സുപ്രീം കോടതിക്കും വിരുദ്ധമായാണ് ബി.ജെ.പി സർക്കാർ ഭരിക്കുന്നത്. സർക്കാരും ആഭ്യന്തര വകുപ്പും പ്രാധാനമന്ത്രിയുമെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. പുതിയ പാർലമെന്‍റ് മന്ദിരം വന്നു. പക്ഷെ ഇപ്പോഴും മണിപ്പൂരിനെകുറിച്ച് ആർക്കും ഒന്നും പറയാനില്ല" - സഞ്ജയ് റാവുത്ത് പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യം കത്തിക്കാൻ എന്തെങ്കിലും പദ്ധതി ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മുബൈയിൽ മറാത്തി ജനത തകരുന്നതിന് ഉത്തരവാദി ഏകനാഥ് ഷിൻഡെയാണെന്നും അദ്ദേഹത്തിന് സത്യസന്ധതയില്ലായിരുന്നു. മുംബൈയെയും മറാത്തികളെയും ദുർബലപ്പെടുത്തിയതിന് ബി.ജെ.പിക്കാണ് ഉത്തരവാദിത്തമെന്നും സഞ്ജയ് റാവുത്ത് ആരോപിച്ചു.
മുംബൈയെ കേന്ദ്ര ഭരണപ്രദേശമാക്കാനാണ് ബി.ജെ.പിയുടെ ഗൂഢാലോചനയെന്നും അതിനാണ് വലിയ കമ്പനികൾ മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് മാറ്റുന്നതെന്നും അദ്ദേഹം വിമർശിച്ചു. നേരത്തെ ഏക്നാഥ് ഷിൻഡെ നാഗ്പൂരിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി താരങ്ങളുമായി ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിന്‍റെ തിരക്കിലാണെന്നും പറഞ്ഞ് സഞ്ജയ് റാവുത്ത് സർക്കാറിനെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.