പൊലീസ് ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവിണ ചൈത്ര കുന്താപുര ആശുപത്രിയിൽ

ചൈത്രയെ കേസിൽ കുടുക്കിയതെന്ന് മാതാവ്; ചോദ്യം ചെയ്യലിനിടെ ബോധംകെട്ട് സംഘ്പരിവാർ ‘തീപ്പൊരി’

മംഗളൂരു: സംഘ്പരിവാർ പ്രസംഗക ചൈത്ര കുന്താപുരയെ പൊലീസ് കേസിൽ കുടുക്കിയതാണെന്ന് മാതാവ് രോഹിണി. കുന്താപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയാക്കാമെന്ന് പറഞ്ഞ്  വ്യവസായിയിൽ നിന്ന് കോടികൾ കോഴ വാങ്ങി വഞ്ചിച്ചു എന്നാണ് കേസ്. ബൈന്തൂരിലെ വ്യവസായി ഗോവിന്ദ ബാബു പൂജാരി നൽകിയ പരാതിയിലാണ് ചൈത്ര അറസ്റ്റിലായത്.  അതിനിടെ, സംഘ്പരിവാർ വേദികളിൽ തീപ്പൊരി പ്രസംഗം നടത്തുന്ന ചൈത്ര പൊലീസ് ചോദ്യം ചെയ്യലിനിടെ ബോധംകെട്ട് വീണു.

ഈ കേസിൽ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുന്നില്ലെന്ന് മാതാവ് രോഹിണി പറഞ്ഞു. ‘മകളെ ഉഡുപ്പിയിൽ നിന്ന് കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസ് തന്നെ വിളിച്ചിരുന്നു. ചൈത്രയും ആ സമയം ഫോണിൽ സംസാരിച്ചു. ഭയപ്പെടാൻ ഒന്നുമില്ല, അമ്മ ധൈര്യമായിരിക്ക് എന്നാണ് അവൾ പറഞ്ഞത്. മറ്റുള്ളവരുടെ പണം നമുക്ക് വേണ്ടമ്മേ എന്ന് പറയാറുള്ളയാളാണ് ചൈത്ര’ -രോഹിണി പറഞ്ഞു.

 ക്രൈംബ്രാഞ്ച് ഡിവിഷനൽ ഓഫിസിൽ അസി. പൊലീസ് കമ്മീഷണർ റീന സുവർണ, ചൈത്ര കുന്താപുര

അതേസമയം ചൈത്രയെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് സംഘം തുടർച്ചയായ മൂന്നാം ദിവസമായ വെള്ളിയാഴ്ചയും ചോദ്യം ചെയ്തു. പൊലീസ് തന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞ് ചൈത്ര നേരത്തെ കോടതിയിൽ കരഞ്ഞതിനാൽ മൃദുരീതിയിൽ ജൂനിയർ ഓഫിസർമാരാണ് ചോദ്യം ചെയ്തുവരുന്നത്. എന്നാൽ, വെള്ളിയാഴ്ച രാവിലെ ക്രൈംബ്രാഞ്ച് ഡിവിഷനൽ ഓഫിസിൽ അസി. പൊലീസ് കമ്മീഷണർ റീന സുവർണ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെ ചൈത്ര കുഴഞ്ഞുവീഴുകയായിരുന്നു. അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ ഉടൻ ബംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയതായി റീന സുവർണ പറഞ്ഞു. ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ടിവന്നതിനാൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കാനായില്ല. 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ചൈത്ര. 

Tags:    
News Summary - BJP ticket scandal: Chaitra Kundapura collapses during interrogation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.