ബംഗളൂരു: സംസ്ഥാന പ്രസിഡന്റിനെ നിയമിച്ചതോടെ പ്രതിപക്ഷനേതാവിനെയും നിയമിക്കാൻ ബി.ജെ.പിയിൽ തിരക്കിട്ട ശ്രമം. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയെ സംസ്ഥാന പ്രസിഡന്റായി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്.
പദവിക്കായി പ്രമുഖ നേതാക്കൾ രംഗത്തുണ്ടായിരുന്നുവെങ്കിലും ലിംഗായത്ത് നേതാവുകൂടിയായ യെദിയൂരപ്പയുടെ മകന് നറുക്കുവീഴുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട ബി.ജെ.പിക്ക് പ്രതിപക്ഷനേതാവിനെ തീരുമാനിക്കാൻ ഇതുവരെയായിട്ടില്ല. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കാണ് താൽക്കാലിക ചുമതല.
ഇദ്ദേഹം ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുമാണ്. നേതാക്കളിൽ നിന്നുതന്നെ വിമർശനവും സമ്മർദവും ശക്തമായതോടെയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം പ്രതിപക്ഷനേതാവിനെ തീരുമാനിക്കാനുള്ള ശ്രമങ്ങൾ തകൃതിയാക്കിയത്. നിയമസഭയിലും നിയമനിർമാണ കൗൺസിലിലും നവംബർ 17ന് പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുമെന്നാണ് കരുതുന്നത്.
സംസ്ഥാന പ്രസിഡന്റ് ലിംഗായത്ത് വിഭാഗക്കാരനായതിനാൽ പ്രതിപക്ഷ നേതാവായി വൊക്കലിഗ സമുദായത്തിൽനിന്നോ ഒ.ബി.സി വിഭാഗത്തിൽ നിന്നോയുള്ള നേതാക്കളെയാകും തിരഞ്ഞെടുക്കുക. നവംബർ 17ന് ബി.ജെ.പി നിയമസഭാകക്ഷി യോഗംചേരുമെന്ന് വിജയേന്ദ്ര പറഞ്ഞു. ദേശീയനേതൃത്വം ഡൽഹിയിൽനിന്ന് അയച്ച നിരീക്ഷകർ യോഗത്തിൽ പങ്കെടുത്ത് എം.എൽ.എമാരിൽനിന്ന് അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
വൊക്കലിഗ സമുദായക്കാരനെയാണ് നിയമിക്കുകയെങ്കിൽ മുൻ മന്ത്രിമാരായ ഡോ. അശ്വത് നാരായൺ, ആർ. അശോക, അരഗ ജ്ഞാനേന്ദ്ര എന്നിവരിൽ ഒരാളായിരിക്കും തിരഞ്ഞെടുക്കപ്പെടുക എന്നാണ് സൂചന. വൊക്കലിഗ സമുദായം ശക്തമായ ജെ.ഡി.എസുമായി ബി.ജെ.പി നിലവിൽ സഖ്യത്തിലായിട്ടുണ്ട്.
ഇതിനാൽ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനമെങ്കിൽ വിജയപുര എം.എൽ.എ ബസനഗൗഡ പാട്ടീലിനായിരിക്കും നറുക്കുവീഴുക. അതേസമയം, ബ്രാഹ്മണ സമുദായക്കാരനായ രാജാജി നഗർ എം.എൽ.എ സുരേഷ് കുമാറിനും സാധ്യത കൽപിക്കപ്പെടുന്നുണ്ട്.
നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവായി എം.എൽ.സിയായ തേജസ്വിനി ഗൗഡ വരാൻ സാധ്യതയുണ്ട്. വൊക്കലിഗ സമുദായാംഗവും വനിതയെന്ന പരിഗണനയും അവർക്ക് കിട്ടും. ഒ.ബി.സി വിഭാഗക്കാരനെയാണ് പരിഗണിക്കുന്നതെങ്കിൽ കോട്ട ശ്രീനിവാസിനും നറുക്കുവീഴാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.