ഗുജറാത്തിൽ ബി.ജെ.പിക്ക് ഏഴാം ഊഴം; ബംഗാളിലെ സി.പി.എം റെക്കോഡിനൊപ്പം; എന്നാൽ പിന്നിലും!

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് ജയം സ്വന്തമാക്കിയാണ് ബി.ജെ.പി തുടർച്ചയായ ഏഴാം തവണയും ഭരണത്തിലേറുന്നത്. ആകെയുള്ള 182 സീറ്റുകളിൽ 156 എണ്ണത്തിലും പാർട്ടി സ്ഥാനാർഥികൾ ജയിച്ചുകയറി. 37 വർഷമായി കോൺഗ്രസിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് തകർന്നത്.

1985ൽ കോൺഗ്രസ് നേടിയ 149 സീറ്റെന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ബംഗാളിൽ സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനു മാത്രമാണ് ഇതിനു മുമ്പ് തുടർച്ചയായി ഒരു സംസ്ഥാനത്ത് ഏഴു തവണ ഭരണത്തിലെത്താനായത്. 1977ലാണ് ബംഗാളിൽ സി.പി.എം നേതൃത്വത്തിലുള്ള സർക്കാർ ആദ്യമായി അധികാരത്തിലെത്തുന്നത്. തുടർന്നുള്ള ആറു നിയമസഭ തെരഞ്ഞെടുപ്പുകളിലും, 2006 വരെ, സി.പി.എമ്മിന്‍റെ ഭരണ തുടർച്ചയായിരുന്നു. ഗുജറാത്തിലും സമാനമായി തുടർച്ചയായ ഏഴു തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് അനുകൂലമായാണ് വോട്ടർമാർ വിധിയെഴുതിയത്.

1995ലാണ് ഗുജറാത്തിൽ ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തുന്നത്. 2022ലും റെക്കോഡ് ജയവുമായി ബി.ജെ.പി ഭരണം ഉറപ്പിച്ചിരിക്കുന്നു. എന്നാൽ, ഏഴു വർഷം തുടർച്ചയായ ഭരണം എന്ന നേട്ടത്തിനൊപ്പം എത്തിയെങ്കിലും കൂടുതൽ വർഷം ഭരണത്തിലിരുന്ന റെക്കോഡിനൊപ്പം എത്താൻ ഇനിയും ബി.ജെ.പിക്ക് കാത്തിരിക്കണം. ബംഗാളിൽ 1977 മുതൽ 2006 വരെയുള്ള തെരഞ്ഞെടുപ്പിൽ തുടർച്ചയായ ഏഴു തവണ ജയിച്ചതിലൂടെ 34 വർഷമാണ് സി.പി.എം ഭരണത്തിലിരുന്നത്. 2011ലാണ് സി.പി.എം ഭരണം അവസാനിപ്പിച്ച് ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്. 

ഗുജറാത്തിൽ ബി.ജെ.പി തുടർച്ചയായ ഏഴാം തവണയും ഭരണത്തിലെത്തുമ്പോൾ, വർഷങ്ങളുടെ കണക്കിൽ പിന്നിലാണ്. പുതിയ സർക്കാർ അധികാരത്തിലേറി 2027 വരെ ഭരിച്ചാലും 32 വർഷം മാത്രമേ ആകുന്നുള്ളു. 1995ൽ ആദ്യമായി ഗുജറാത്തിൽ സർക്കാർ രൂപവത്കരിച്ച ബി.ജെ.പി ഒരു വർഷം മാത്രമേ അധികാരത്തിലിരുന്നുള്ളു. 1996 സെപ്റ്റംബർ 19 മുതൽ 1998 മാർച്ച് നാലുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമായിരുന്നു. അതിനാൽ, ഏറ്റവും കൂടുതൽ വർഷം അധികാരത്തിലിരിക്കുന്നതിന്‍റെ നേട്ടം സ്വന്തമാക്കണമെങ്കിൽ ഇനിയും കാത്തിരിക്കണം.

Tags:    
News Summary - BJP touches Bengal Left Front's RECORD of '7th Time' but remains BEHIND

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.