മോദിയുടെ അമ്മയെ ആപ് നേതാവ് വിഡിയോയിലൂടെ അപമാനിച്ചുവെന്ന് ബി.ജെ.പി; കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു -VIDEO

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ ആം ആദ്മി പാർട്ടി (എ.എ.പി) ഗുജറാത്ത് പ്രസിഡന്റ് ഗോപാൽ ഇട്ടാലിയ പരിഹസിക്കുന്നുവെന്ന പേരിൽ വിഡിയോ പുറത്തുവിട്ട് ബി.ജെ.പി.  പ്രധാനമന്ത്രിക്കെതിരെ 'നീചൻ' എന്ന പരാമർശം നടത്തിയെന്നും പ്രധാനമന്ത്രിയുടെ 100 വയസ്സുള്ള അമ്മ നാടകം കളിക്കുന്നുവെന്ന് പരിഹസിക്കുന്നുവെന്നും ബി.ജെ.പി ആരോപിച്ചു. ഗുജറാത്തിലെ നേതാക്കൾ ട്വീറ്റ് ചെയ്ത വീഡിയോ പാർട്ടിയുടെ ദേശീയ നേതാക്കളടക്കം റിട്വീറ്റ് ചെയ്തു. എന്നാൽ, വിഡിയോയിലുള്ളത് താനല്ലെന്നാണ് 'ആപ്' നേതാവിന്റെ വിശദീകരണം.

"എന്തുകൊണ്ടാണ് നിങ്ങൾ 'നീച്' നരേന്ദ്ര മോദിയോട് തന്റെ പൊതുയോഗത്തിന്റെ ചെലവ് വെളിപ്പെടുത്താൻ ആവശ്യപ്പെടാത്തത്. മോദിയുടെ അമ്മ ഹീരാബയും നാടകം കളിക്കുകയാണ്. മോദിക്ക് 70 വയസ്സിനോട് അടുത്തു, ഹീരാബയ്ക്ക് ഉടൻ 100 വയസ്സ് തികയും​. എന്നിട്ടും ഇരുവരും നാടകം കളിക്കുന്നത് തുടരുകയാണ്" - എന്നാണ് വിഡിയോയിൽ പറയുന്നത്.

ഗുജറാത്ത് ബി.ജെ.പി മീഡിയ കൺവീനർ യാഗ്നേഷ് ദവെയാണ് വിഡിയോ ആദ്യം ട്വീറ്റ് ചെയ്തത്. മോദിയുടെ 100 വയസ്സുള്ള അമ്മയെ പരിഹസിച്ച ഗോപാൽ ഇട്ടാലിയ കെജ്രിവാളിന്റെ 'അഴുക്ക്ചാൽ വായ' ആണെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സ്മൃതി ഇറാനി പറഞ്ഞു.

രാഷ്ട്രീയത്തിലില്ലാത്ത നൂറു വയസ്സുള്ള അമ്മയെ വലിച്ചിഴച്ചത് എ.എ.പിയുടെ സംസ്കാരം വെളിവാക്കുന്നതാണെന്ന് ബിജെപി ഗുജറാത്ത് വക്താവ് യമൽ വ്യാസ് പറഞ്ഞു. "ഇയാളുടെ സംസ്കാരം നോക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നൂറു വയസ്സുള്ള അമ്മ രാഷ്ട്രീയത്തിലില്ല. അവർക്ക് വേണ്ടി ഇത്രയും തരംതാഴ്ന്ന ഭാഷ ഉപയോഗിക്കുന്നത് ഗുജറാത്തിന്റെ സംസ്കാരമല്ല" -വ്യാസ് പറഞ്ഞു.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചു എന്ന പരാതിയിൽ ഗോപാൽ ഇട്ടാലിയയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ ദേശീയ വനിത കമീഷന്റെ ഡൽഹിയിലെ ഓഫിസിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ പിടികൂടിയത്.

2019ൽ പ്രചരിപ്പിച്ച വിഡിയോയുമായി ബന്ധപ്പെട്ടാണ് കേസ്. തന്നെ ജയിലിലടക്കുമെന്ന് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ ഭീഷണിപ്പെടുത്തിയതായി ഗോപാൽ ഇട്ടാലിയ ട്വീറ്റ് ചെയ്തിരുന്നു. 'ആപ്' പ്രവർത്തകർ വനിത കമീഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറിന്ശേഷമാണ് ഗോപാൽ ഇട്ടാലിയയെ വിട്ടയച്ചത്. 

Tags:    
News Summary - Now, BJP tweets video of Gujarat AAP leader Gopal Italia mocking PM Modi's 100-year-old mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.