ന്യൂഡൽഹി: ബി.ജെ.പി വീണ്ടും ഭരണത്തിലേറിയതിന് പിന്നാലെ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയ പ്രദേശങ്ങളിൽ വസ്തുതാന്വേഷണത്തിനായി ഇടതുപക്ഷ-കോൺഗ്രസ് ദേശീയ നേതാക്കളുടെ സംയുക്ത പ്രതിനിധി സംഘം ത്രിപുരയിലേക്ക്.സി.പി.എം, സി.പി.ഐ, കോൺഗ്രസ് പാർട്ടികളുടെ പാർലമെന്റ് അംഗങ്ങളാണ് ഈ മാസം 10, 11 തീയതികളിൽ ത്രിപുര സന്ദർശിക്കുന്നത്. ത്രിപുരയിൽ നടക്കുന്ന ജനാധിപത്യ ധ്വംസനത്തെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ഗവർണർക്കും കേന്ദ്ര സർക്കാറിനും സമർപ്പിക്കുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും എം.പിമാർ അറിയിച്ചു.
സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, പാർട്ടി എം.പിമാരായ എ.എ റഹീം, പി.ആർ. നടരാജൻ, ബീകാഷ് രഞ്ജൻ ഭട്ടാചാര്യ, സി.പി.ഐ രാജ്യസഭ നേതാവ് ബിനോയ് വിശ്വം, കോൺഗ്രസ് എം.പിമാരായ ഗൗരവ് ഗൊഗോയി, രജിത് രഞ്ജൻ, അബ്ദുൽ ഖാലിക് എന്നിവരടങ്ങുന്ന ഏഴംഗ പ്രതിനിധി സംഘം വെള്ളിയാഴ്ച അഗർത്തലയിൽ എത്തും.
ബി.ജെ.പി അഴിച്ചുവിടുന്ന അക്രമങ്ങളെ കർക്കശമായി നേരിടണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ സർവകകക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം ത്രിപുര സെക്രട്ടറി ജിതേന്ദ്ര ചൗധരി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് ഇടതു പാർട്ടികളുടെയും കോൺഗ്രസിന്റെയും ദേശീയ നേതാക്കൾ വസ്തുതാന്വേഷണത്തിനായി ത്രിപുരയിൽ പോകാൻ തീരുമാനിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും നേരെ രൂക്ഷമായ ആക്രമണമാണ് ത്രിപുരയിൽ അരങ്ങേറുന്നതെന്ന് പ്രതിപക്ഷ എം.പിമാർ വാർത്തക്കുറിപ്പിൽ കുറ്റപ്പെടുത്തി.വീടുകളും ഓഫിസുകളും കടകമ്പോളങ്ങളും ആക്രമിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ പഠിക്കാൻ എം.പിമാരുടെ സംഘം ത്രിപുര സന്ദർശിക്കാൻ തീരുമാനിച്ചത്. ത്രിപുര ഗവർണറുമായും സംഘം കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
മാർച്ച് രണ്ടിന് നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ബി.ജെ.പി വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നുവെന്നും നിയമവാഴ്ച പൂർണമായും തകർന്നുവെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ സി.പി.എം സെക്രട്ടറി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിനെല്ലാം കൂടി 60 ശതമാനം വോട്ടു ലഭിച്ച ത്രിപുരയിൽ ബി.ജെ.പിക്ക് കിട്ടിയ വോട്ടുകൾ 40 ശതമാനം മാത്രമാണ്. എന്നിട്ടും ബി.ജെ.പിക്ക് ഭരണം ലഭിച്ചത് മുതൽ തുടരുന്ന അക്രമസംഭവങ്ങൾ ഇപ്പോഴും തുടരുകയാണ്. കൊള്ളയും കൊള്ളിവെപ്പും ആക്രമണങ്ങളുമടക്കം ആയിരത്തിലേറെ സംഭവങ്ങളുണ്ടായതിൽ 668 കേസുകളാണ് ത്രിപുര പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
ഭരണകക്ഷിയുടെ നേർക്കുനേരെയുള്ള പ്രേരണയും ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പക്ഷപാതവുമാണ് കാര്യങ്ങൾ നിയന്ത്രണാതീതമാക്കിയത്. ഭീതിയിലായ സാധാരണ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ പോലും കിട്ടാത്ത സാഹചര്യം സംജാതമായെന്നും സെക്രട്ടറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.