ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന്‍െറ തനിയാവര്‍ത്തനമാണ് ഉത്തരാഖണ്ഡില്‍ സംഭവിച്ചത്. യു.പിയിലെ ബി.ജെ.പി മുന്നേറ്റത്തിന്‍െറ കാറ്റ് 2000 വരെ യു.പിയുടെ ഭാഗമായിരുന്ന ഉത്തരാഖണ്ഡിലും അതേ ശക്തിയില്‍ വീശി. അഞ്ചു വര്‍ഷത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയില്‍ ഭരണം മാറുന്നത് ഉത്തരാഖണ്ഡിന്‍െറ പതിവാണ്. എന്നാല്‍, കോണ്‍ഗ്രസിനെ നിലം പരിശാക്കിയ ബി.ജെ.പി ഇക്കുറി മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷം നേടി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ രണ്ടു ശതമാനം മാത്രമായിരുന്നു കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയിലെ വോട്ടുവ്യത്യാസം. ഇക്കുറി അത് 13 ശതമാനമായി. കോണ്‍ഗ്രസിന്‍െറ ഏറ്റവും മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് മത്സരിച്ച ഹരിദ്വാര്‍ റൂറല്‍, കച്ചി മണ്ഡലങ്ങളില്‍ തോറ്റത് കോണ്‍ഗ്രസിന് കനത്ത പ്രഹരമായി.
ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളില്‍ ഭാഗ്യം പരീക്ഷിച്ച റാവത്തിന് പിഴച്ചു. ഉത്തരാഖണ്ഡിലെ ജയം മോദി-അമിത് ഷാ കൂട്ടുകെട്ടിന് മധുരപ്രതികാരം കൂടിയാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തില്‍ കയറിക്കളിച്ച് ഹരീഷ് റാവത്ത് സര്‍ക്കാറിനെ മറിച്ചിടാന്‍ നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാതെ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാറിനെ തിരുത്തിയ സുപ്രീംകോടതി ഹരീഷ് റാവത്ത് സര്‍ക്കാറിനെ വീണ്ടും അവരോധിച്ചപ്പോഴേറ്റ മുറിവിന് മോദി-അമിത് ഷാ ടീം പ്രതികാരം ചെയ്തിരിക്കുന്നു. യു.പിയിലെന്ന പോലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെ മോദിയുടെ പ്രതിച്ഛായ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി വോട്ടുതേടിയത്. സൈനിക കുടുംബങ്ങള്‍ ഏറെയുള്ള ഉത്തരാഖണ്ഡില്‍ അതിര്‍ത്തിയിലെ മിന്നലാക്രമണമാണ് മോദി പ്രധാനമായും റാലികളില്‍ ഉന്നയിച്ചത്.
ടൂറിസവുമായി ബന്ധപ്പെട്ടതാണ് ഉത്തരാഖണ്ഡിന്‍െറ പ്രാദേശിക സമ്പദ്ഘടന. നോട്ടുനിരോധം വലിയ തിരിച്ചടിയുണ്ടാക്കിയെങ്കിലും അത് വോട്ടിങ്ങില്‍ ബാധിച്ചില്ല. മലമ്പ്രദേശങ്ങളായ കുമൗന്‍ മേഖല പരമ്പരാഗതമായി കോണ്‍ഗ്രസിന്‍െറ സ്വാധീന മേഖലയാണ്. എന്നാല്‍, ഈ മേഖലയിലെ 29 സീറ്റുകളില്‍ 23ഉം നേടിയ ബി.ജെ.പി കോണ്‍ഗ്രസിന്‍െറ അടിത്തറ തകര്‍ത്തു. ബി.ജെ.പിയുടെ സ്വാധീന മേഖലയായ താഴ്വാര പ്രദേശത്തെ 41 സീറ്റുകളില്‍ 34ഉം നേടിയ ബി.ജെ.പി അവിടെയും ആധിപത്യം നിലനിര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.