ദ്രാവിഡ മണ്ണിൽ നിന്ന് ബി.ജെ.പിയെ തുടച്ച് നീക്കി; കോൺഗ്രസിനെ അഭിനന്ദിച്ച് സ്റ്റാലിൻ

ചെന്നൈ: കർണാടകയിലെ കോൺഗ്രസ് വിജയത്തോടെ ദ്രാവിഡ മണ്ണിൽ നിന്നും ബി.ജെ.പി തുടച്ചുമാറ്റപ്പെട്ടുവെന്ന് തമിഴ്നാട് മുഖ്യമ​ന്ത്രി എം.കെ സ്റ്റാലിൻ. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ സമാനമനസ്കരായ പാർട്ടികൾ ഒരുമിച്ച് നിന്ന് ബി.ജെ.പിയെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിൽ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ എന്നിവരെ സ്റ്റാലിൻ അഭിനന്ദിച്ചു. ദ്രാവിഡ മണ്ണിൽ ബി.ജെ.പി ഇല്ലാതായിരിക്കുന്നു. ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും പുനഃസ്ഥാപിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും സ്റ്റാലിൻ പറഞ്ഞു.

നീതികരിക്കാനാവാത്ത രാഹുൽ ഗാന്ധിയുടെ അയോഗ്യത, രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത്, ദക്ഷിണേന്ത്യയിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നത്, അഴിമതി എന്നിവയെല്ലാം വോട്ട് രേഖപ്പെടുത്തുമ്പോൾ ജനങ്ങളുടെ മനസിലുണ്ടായിരുന്നു. കന്നഡ ജനതയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിന് ശക്തമായ മറുപടിയാണ് കർണാടക നൽകിയതെന്നും സ്റ്റാലിൻ പറഞ്ഞു.

കർണാടകയിൽ വലിയ വിജയമാണ് കോൺഗ്രസ് നേടിയത്. 137 സീറ്റിൽ ​കോൺഗ്രസ് വിജയിച്ചപ്പോൾ ബി.ജെ.പി 65ലേക്ക് ഒതുങ്ങി. 19 സീറ്റിൽ മാത്രമാണ് ജനതാദള്ളിന് വിജയിക്കാനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കാടിളക്കി പ്രചാരണം നടത്തിയിട്ടും വിജയിക്കാൻ ബി.ജെ.പിക്കായില്ല.

Tags:    
News Summary - "BJP wiped out from Dravidian landscape," says Stalin; pats Cong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.